ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെക്കുറിച്ചും തെന്നിന്ത്യൻ നടൻ പ്രഭാസിനെക്കുറിച്ചും നടനും എംഎൽഎയുമായ ഗണേശ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടപ്പിച്ചപ്പോൾ ഉണ്ടായ അനുഭവവും മോഹൻലാലിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും പങ്കുവച്ചുകൊണ്ടാണ് സ്റ്റാർഡം നടന്മാരിൽ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.
സിനിമയിൽ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ?
സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്… ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിൽ പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്.
ഇതു കാണുന്ന അന്യഭാഷാ നടന്മാർക്ക് വലിയ അദ്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ് ഇന്നസെന്റ് ചേട്ടനടക്കം ഞങ്ങളുടെ അടുത്തേക്കു വന്നിരുന്ന് തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു- ഗണേശ് കുമാർ പറഞ്ഞു.
പ്രഭാസിനെ കാണണമെന്ന വലിയ ആഗ്രഹത്തോടെ മകൻ സെറ്റിൽ വന്നതിനെക്കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചും ഗണേശ് കുമാർ പറഞ്ഞു. കുഞ്ഞാലി മരക്കാറിന്റെ ഷൂട്ടിംഗ് നടക്കുന്പോൾ തൊട്ടടുത്ത ഒരു ഫ്ളോറിൽ പ്രഭാസിന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്.
പ്രഭാസ് എന്ന നടനെ കാണാൻ എന്റെ മകനടക്കമുള്ളവർ സെറ്റിലുണ്ട്. അവൻ സാബു സിറിലിനോടു കാര്യം പറഞ്ഞു. അദ്ദേഹത്തിന് പ്രഭാസിനെ പരിചയമുണ്ട്. പക്ഷേ, സാബു ശ്രമിച്ചിട്ടുപോലും അയാൾ കാണാൻ തയാറായില്ല. പ്രഭാസ് കാരവാന്റെ മുന്നിൽ കറുത്ത കർട്ടൻ കൊണ്ടു വരാന്ത പോലെ സൃഷ്ടിച്ചിരിക്കുകയാണ്.
മനുഷ്യൻ എന്നെ കാണരുത് എന്ന ആഗ്രഹത്തോടെയാണ് ഇരിക്കുന്നത്. ഈ തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിംഗ് ഫ്ളോറിലേക്ക് പോകുന്നത്.അവിടെയാണ് ഇന്ത്യയിലെ മഹാനടൻ മോഹൻലാൽ ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറഞ്ഞത്. അതാണ് മോഹൻലാലെന്നും ഗണേഷ് കുമാർ പറഞ്ഞു.