മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 1971, ബിയോണ്ട് ബോർഡേഴ്സ് വന്പൻ റിലീസിനൊരുങ്ങുന്നു. നാലു ഭാഷകളിലാകും ചിത്രം തിയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം റിലീസിനെത്തും. ഇതിൽ മലയാളം, തെലുങ്ക് ഒരേസമയമാണ് റിലീസ്.
ഹിന്ദിയിൽ പ്രമുഖ ബാനറാണ് സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മറ്റുഭാഷകളിലും മോഹൻലാലിന്റെ താരമൂല്യം ഉയർന്നതോടെയാണ് അണിയറക്കാർ ഇത്തരത്തിലൊരു റിലീസിന് തയാറെടുത്തത്. ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവമാണ് ചിത്രത്തിന് ആസ്പദമാകുന്നത്. രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്നു സിനിമ. മേജർ മഹാദേവനായും പിതാവ് കേണൽ സഹദേവനായുമാണ് മോഹൻലാൽ അഭിനയിക്കുന്നത്.
മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, കർമ്മയോദ്ധ -സിനിമകൾക്ക് ശേഷമാണ് മേജർ രവിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നത്. തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. സുജിത് വാസുദേവാണ് കാമറ. രാഹുൽ സുബ്രഹ്മണ്യം, ഗോപി സുന്ദർ എന്നിവരാണ് സംഗീത സംവിധാനം. ചിത്രം ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തും.