സിനിമാതാരങ്ങള്‍ സാധാരണ ആഡംബര വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് വിരളമാണ്. എന്നാല്‍ താരജാഡകാട്ടുന്നവരില് നിന്നൊക്കെ വ്യത്യസ്തനാണ് താനെന്ന് മോഹന്‍ലാല്‍ ഇതിനോടകം പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ തന്റെ എളിയ പ്രവര്‍ത്തിയിലൂടെ മോഹന്‍ലാല്‍ വീണ്ടും ആരാധകരുടെ എണ്ണം കൂട്ടുന്നു. നടന് മോഹന്‍ലാല്‍ പുലര്‍ച്ചെ സൈക്കിളില്‍ നഗരം ചുറ്റാനിറങ്ങി. പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരത്താണ് താരം നഗരം ചുറ്റാനിറങ്ങിയത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലൂടെ സൈക്കിളില്‍ ചുറ്റിയ താരം അഞ്ചുമണിയോടെ തിരുവനന്തപുരം നഗരം വിട്ട് കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. കുറേ നാളായി താരം തന്റെ മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് സൈക്കിളില്‍ നഗരം ചുറ്റണമെന്നുള്ളത്. ഇപ്പോഴാണത് സാധ്യമായത്.
ബി. ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. ഷൂട്ടിങ്ങ് തീര്‍ന്ന് കൊച്ചിയിലേക്ക് വിമാനത്തില്‍ തിരിക്കുന്നതിന് മുന്‍പായിട്ടാണ് താരം സൈക്കിളുമെടുത്ത് തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെത്തിയത്. വെളുപ്പിനെ നാലര ആയതിനാല്‍ നഗരത്തില്‍ ആളനക്കവും കുറവായിരുന്നു. എങ്കിലും നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും മോഹന്‍ലാലിനെ കണ്ട് അത്ഭുതപ്പെട്ടു നിന്നു. താരം അവരോടൊക്കെ ചിരിച്ചു കാണിച്ചാണ് യാത്ര തുടര്‍ന്നതും. സുഹൃത്തായ സനല്‍കുമാറാണ് മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരിക്കായുളള ഒരുക്കങ്ങള്‍ നടത്തിയത്. മുന്‍പൊരു സൗഹൃദസദസില്‍ വെച്ച് താന്‍ ജീവിച്ചുവളര്‍ന്ന തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സനല്‍കുമാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനൊപ്പം ഇതിന്റെ ഒരുക്കങ്ങള്‍ക്കായി ലിജു, സജീവ് സോമന്,ബിജീഷ്,മുരളി എന്നിവരും കൂടെ ഉണ്ടായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറാണ് മോഹന്‍ലാല്‍ നഗരം ചുറ്റുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.