മലയാള സിനിമയ്ക്ക് പുത്തന്‍ റെക്കോഡുകള്‍ സമ്മാനിച്ച സിനിമയാണ് പുലിമുരുകന്. എന്നാല്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ഉടലെടുത്തിട്ടുള്ളതും ഈ സിനിമയെക്കുറിച്ചാണെന്ന് തന്നെ പറയാം. മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചിരുന്ന പുലി ഒറിജിനലായിരുന്നോ?, പുലിയുമായി നടത്തിയ പോരാട്ടം ഡ്യൂപ്പിന്റെ സഹായത്തോടെയായിരുന്നോ എന്നിവയൊക്കെയായിരുന്നു ആളുകളുടെ സംശയങ്ങള്‍. പുലിമുരുകനിലെ പുലി വെറും ഡമ്മിയായിരുന്നെന്നും മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ലെന്നും വാദിച്ചുകൊണ്ട് രാഷ്ട്രീയ നോതാക്കള്വരെ രംഗത്തെത്തിയിരുന്നു. ഈ സിനിമയെ സംബന്ധിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ ധാരാളമുണ്ടായിട്ടും പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു മോഹന്‍ലാല്‍ ഇതുവരെ. എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ ഉണ്ടായിട്ടുള്ള വിവാദപ്രസ്താവനകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്.
അത് ഓരോരുത്തര് വിശ്വസിക്കുന്നതാണ്. സിനിമ അങ്ങനെയാണല്ലോ. എന്ത് നിങ്ങള്‍ വിശ്വസിക്കുന്നുവോ അത് തന്നെയാണ് സത്യം. കാരണം, ആ സിനിമയുടെ ഒരു മിസ്റ്ററിയെ ഞാനെന്തിനാണ് പൊളിക്കുന്നത്? നിങ്ങളെന്താണ് ധരിക്കുന്നത്, ഇപ്പോ ഒരാള്‍ പറയുകയാണ്, മോഹന്‍ലാല്‍ പുലിയുമായി ഫൈറ്റ് ചെയ്തിട്ടില്ല.ആയിക്കോട്ടെ. അല്ലെങ്കില്‍ മറ്റൊരാള്‍ പറയുകയാണ്. അതില്‍ ചില ഷോട്ടുകള്‍ റിയലായി ഷൂട്ട് ചെയ്തതാണ്. ശരിയായിരിക്കാം. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണ്. നമ്മളെന്തിനാണ് ചലഞ്ച് ചെയ്യുന്നത് ? നമ്മളെന്ത് പറഞ്ഞാലും സത്യമാകാം, കള്ളമാകാം. ഇത് സംബന്ധിച്ച് പ്രതികരണത്തിനില്ല എന്നതല്ല, മറിച്ച് നിങ്ങളെന്ത് വിശ്വസിക്കുന്നുവോ അതാണ് കാര്യം.
സിനിമ എന്ന് പറയുന്നത് മേക്ക് ബിലീഫ് ആണ്. ചിലര്‍ പറയും, ഇല്ല മോഹന്‍ലാല്‍ പുലിയെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, ഫൈറ്റ് ചെയ്തിട്ടില്ല, ആയിക്കോട്ടെ. നിങ്ങള്‍ എന്ത് വിചാരിക്കുന്നോ അങ്ങനെ തന്നെ. നമ്മളിതിനകത്ത് ഇടപെട്ടാല്‍ അതൊരു ഡിബേറ്റ് ആവും. പിന്നെ പുലി എത്ര കിലോ ഉണ്ടായിരുന്നു എന്നൊക്കെയുള്ള രീതിയിലേക്ക് ചോദ്യങ്ങളാവും. സിനിമയുടെ മാജിക്കിനകത്ത് അത്തരം ഒരു പാട് രഹസ്യങ്ങള്‍ ഉണ്ടാവും. പറ്റുന്നവര്‍ പുലിയെ വച്ച് മറ്റൊരു സിനിമ എടുക്കട്ടെ.