മോഹന്‍ലാലിന് ലെഫ്റ്റന്റ് കേണല്‍ പദവി ലഭിച്ചതു മുതല്‍ അദ്ദേഹത്തിന് ആ പദവി ലഭിച്ചതിനെക്കുറിച്ച് ചര്‍ച്ചയും വിമര്‍ശനങ്ങളും നടന്നു വരികയായിരുന്നു. കേണലായി അഭിനയിച്ചതു കൊണ്ടാണ് ലാലിന് ഈ പുരസ്‌കാരം കിട്ടിയതെന്നായിരുന്നു വാദങ്ങള്‍. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പട്ടാളസിനിമകളില്‍ ആവര്‍ത്തിച്ചഭിനയിച്ചത് ലെഫ്റ്റന്റ് കേണല്‍ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടിയും മോഹന്‍ലാലിനുണ്ട്.
‘കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല. ഞാന്‍ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെ കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയില്‍ ആര്‍മിയെപ്പറ്റി അറിഞ്ഞത്. നമ്മുടെ താല്‍പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്‌വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു.
ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്നു സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാന്‍ പല തവണ സൈനികാസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ വണ്‍സ് ഇന്‍ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാന്‍ ജാതകവശാല്‍ ഒരു നിയോഗമുണ്ടായിരിക്കാം. അല്ലാതെ കുറേ സിനിമകള്‍ ചെയ്തു എന്നതു കൊണ്ടു കിട്ടാന്‍ സാധ്യതയുള്ളതല്ല അത്’.
മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. ഒന്നോ രണ്ടോ പട്ടാള സിനിമകളില്‍ അഭിനയിച്ചു എന്നതുകൊണ്ട് പട്ടാളത്തില്‍ ചേരാനൊക്കുമോ എന്ന് ചോദിച്ചുകൊണ്ട് പലയാളുകളും മോഹന്‍ലാലിന്റെ കേണല്‍ പദവിയെ കളിയാക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തതയുമായി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയത്.