താന്‍ വിജയിക്കുമെന്ന് കരുതിയിരുന്ന പല ചിത്രങ്ങളും വന്‍ പരാജയത്തിലാണ് കലാശിച്ചതെന്ന് മോഹന്‍ലാല്‍. ചോയ്‌സ് സ്‌കൂളില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരള സംഘടിപ്പിച്ച ചടങ്ങിലാണ് മോഹന്‍ലാല്‍ കുട്ടികളോട് മനസ്സുതുറന്നത്. കുട്ടികളെ കാണുമ്പോള്‍ തന്റെ സ്‌കൂള്‍ കാലമാണ് ഓര്‍മ വരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ”ഞാനൊരു ശരാശരി വിദ്യാര്‍ഥിയായിരുന്നു. വലിയ മാര്‍ക്കുകളോ അവകാശവാദങ്ങളോ ഇല്ലാത്ത സ്‌കൂള്‍ കാലം. പക്ഷേ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പത്താം ക്ലാസിലും അതേ പുരസ്‌കാരം കിട്ടി. നിങ്ങളെല്ലാം നിങ്ങളുടെ മേഖലയില്‍ വിജയിച്ച കുട്ടികളാണ്. ആ വിജയികള്‍ക്ക് പഴയ ശരാശരി വിദ്യാര്‍ഥിയുടെ അഭിനന്ദനങ്ങള്‍”-മോഹന്‍ലാല്‍ പറഞ്ഞു.
”വിജയമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. എല്ലാ മനുഷ്യരുടെയും ലക്ഷ്യം വിജയം തന്നെയാണ്. തോല്‍ക്കണമെന്ന് വിചാരിച്ച് ആരും ഒരു കാര്യവും ചെയ്യാറില്ല. പക്ഷേ ഏത് ലഹരിയും മനുഷ്യന്റെ ബോധത്തെ നശിപ്പിക്കും എന്നതുപോലെ വിജയത്തിനൊപ്പം പരാജയവും ഏറ്റുവാങ്ങാനുള്ള മനസ്സുണ്ടാകണം. ജീവിതത്തില്‍ പലപ്പോഴും തോറ്റെന്നുവരാം. പുതിയ തലമുറക്ക് തോല്‍വിയെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതുപോലെ തോന്നുന്നു. നാം കാണുന്ന വാര്‍ത്തകളൊക്കെ അതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ചെറിയ തോല്‍വി പോലും നിങ്ങളെ നിരാശയിലേക്ക് തള്ളിവിടുന്നു. ഇനി ജീവിതമില്ല എന്നുവരെയാകും ചിന്ത.’
”രാവും പകലും അധ്വാനിച്ച എന്റെ എത്രയോ ചിത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു. തീര്‍ച്ചയായും വിഷമമുണ്ടാകും. കാരണം ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ. പക്ഷേ പരാജയങ്ങളില്‍ ഞാന്‍ തളര്‍ന്നില്ല. കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ അതെന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് പരാജയങ്ങളെ ഞാന്‍ കണ്ടത്, ഇപ്പോഴും കാണുന്നത്. വിജയങ്ങളില്‍ ഉന്മാദം കൊള്ളാറുമില്ല. വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണാനാണ് ശ്രമിക്കുന്നത്”മോഹല്‍ലാല്‍ പറഞ്ഞു.