സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ മുഖ്യാതിഥിയായിരുന്ന നടന് മോഹന്‍ലാല്‍ സംസാരിച്ചുകൊണ്ടിരിക്കേ പ്രതീകാത്മകമായി നടന് അലന്‍സിയര്‍ അദ്ദേഹത്തിനുനേരെ തോക്ക് ചൂണ്ടിയത് ഏറെ ചര്‍ച്ചയും വിവാദവുമായിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം വാങ്ങാനെത്തിയ അലന്‍സിയര്‍ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു.
മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അലന്‍സിയര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മുന്നിലേക്ക് വന്ന് കൈവിരലുകള്‍ തോക്കുപോലെയാക്കി മോഹന്‍ലാലിന് നേരെ ചൂണ്ടുകയായിരുന്നു. രണ്ടുവട്ടം ട്രിഗര്‍ വലിക്കുന്നതായും കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ എ.കെ.ബാലന്, ഇ.ചന്ദ്രശേഖരന്, കടകംപള്ളി സുരേന്ദ്രന്, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അദ്ദേഹം ഇതെല്ലാം ചെയ്തതും.
ഇതൊരു പ്രതിഷേധമല്ലെന്നാണ് അലന്‍സിയര്‍ സംഭവത്തിനുശേഷം ആദ്യം പ്രതികരിച്ചത്. താന്‍ ചെയ്തതെന്താണെന്ന് തനിക്കോര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കിയത് സാമൂഹിക വ്യവസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന ഓര്‍മപ്പെടുത്തല്‍ മാത്രമാണ് താന്‍ നടത്തിയതെന്നാണ്. മോഹന്‍ലാല്‍ എന്ന നടനെതിരെ വെടിയുതിര്‍ത്തതല്ലെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വ്യവസ്ഥിതിക്കെതിരെ ആക്ഷേപഹാസ്യത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹന്‍ലാലിനെതിരെ ‘കൈതോക്ക്’ പ്രയോഗിച്ചിട്ടില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.
നേരത്തെ ആ നിമിഷം താന്‍ എന്താണ് ചെയ്തതെന്ന് വ്യക്തമായ ഓര്‍മയില്ലെന്നായിരുന്നു അലന്‍സിയര്‍ മറ്റൊരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിനും ആദ്ദേഹം തയ്യാറായില്ല. എന്നാല്‍ ഇതിനെല്ലാം ശേഷം പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങുകയും മോഹന്‍ലാലിനെ അടുത്തെത്തി കെട്ടിപ്പിടിക്കുകയും ചെയ്തശേഷമാണ് അദ്ദേഹം സ്റ്റേജില്‍ നിന്നിറങ്ങിയത്.