സ്വന്തം ലേഖകന്‍
കൊച്ചി: താരങ്ങളുടെ ആസ്ഥാനമന്ദിരം അഴകിന്റെ പ്രൗഡിയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. ന്യൂയോര്‍ക്ക് മാതൃകയില്‍ നിർമിച്ചിരിക്കുന്ന ഗ്ലാസ് ചേംബറുകളിൽ എഴുത്തുകാരും സംവിധായകരും കഥ പറയാനും കഥ കേള്‍ക്കാനും ഒന്നിച്ചു കൂടും.
മലയാള സിനിമയിലെ താരനക്ഷത്രങ്ങളുടെ ഇനി ഒന്നിച്ചുകൂടുക ഇവിടെയാകും. അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ) ആസ്ഥാന മന്ദിരമാണ് കലൂര്‍ ദേശാഭിമാനി റോഡില്‍ ഉയര്‍ന്നിരിക്കുന്നത്.
അഞ്ച് നിലകളിൽ
അഞ്ചു നിലകളിലായി വിവിധ വിഭാഗങ്ങള്‍ക്കു പ്രത്യേക മുറികള്‍ ഒരുക്കിയിരിക്കുന്നു. കലൂരില്‍ ആറിന് രാവിലെ പത്തിനു മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചു ഉദ്ഘാടനം ചെയ്യുന്ന അമ്മയുടെ ആസ്ഥാനമന്ദിരത്തിനു പ്രത്യേകതകള്‍ ധാരാളമാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. നൂറ് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.
അഞ്ച് ഗ്ലാസ് ചേംബറുകൾ
അമ്മയ്ക്ക് ഒരു സ്ഥിരം ആസ്ഥാനം വേണമെന്നത് മോഹൻലാലിന്റെ വലിയ ആഗ്രഹമായിരുന്നു. അമ്മയുടെ മീറ്റിംഗ് ഇനി മുതല്‍ ഇവിടെവച്ചായിരിക്കും നടക്കുക.
എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അഭിനേതാക്കള്‍ക്ക് വന്നു തിരക്കഥ കേള്‍ക്കാനും എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകള്‍ ഒരുക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്കിലെയും മറ്റും മാതൃകകളാണ് ഇവിടെ പരീക്ഷിക്കുന്നത്. ഓഡിറ്റോറിയത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാം. പൂജകള്‍ നടത്താം. ഭാരവാഹികള്‍ക്ക് പ്രത്യേക മുറികളും ഓഫീസ് സ്റ്റാഫുകളുമുണ്ടാകും.
നിർമാണം ആരംഭിച്ചത് 2019ൽ
2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണജോലികള്‍ വൈകുകയായിരുന്നു.
അമ്മ രൂപീകരിച്ച് 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് സംഘടനയ്ക്ക് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാവുന്നത്. 1994 മേയ് 31ന് തിക്കുറിശി സുകുമാരന്‍ നായരുടെ അധ്യക്ഷതയിലാണ് അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് എന്ന പേരില്‍ ഈ കൂട്ടായ്മ ആരംഭിക്കുന്നത്.
1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിര്‍ന്ന നടനായിരുന്ന തിക്കുറിശി സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചത്.
അമ്മയുടെ ചുവടു പിടിച്ചാണ് പിന്നീട് പല സംസ്ഥാനങ്ങളിലും അഭിനേതാക്കളുടെ സംഘടനകള്‍ക്ക് രൂപംനല്കിയത്.