കൊച്ചി: മലയാള സിനിമയിലും അമ്മ എന്ന താരസംഘനയിലും കിരീടവും ചെങ്കോലും അണിഞ്ഞ താരരാജാവായിരുന്നു മോഹന്‍ലാല്‍. ‘സംഘടനയ്ക്ക് ആദ്യ ഭരണസമിതി വരുമ്പോള്‍ വൈസ് പ്രസിഡന്റായി സംഘടനാപ്രവര്‍ത്തനം ആരംഭിച്ചു. ഒടുവില്‍ മൂന്നുവട്ടം ആ സംഘടനയുടെ അവസാനവാക്കായി. ഇപ്പോഴിതാ സര്‍വതും ത്യജിച്ച് ചോദ്യങ്ങളെയും പ്രതിസന്ധികളെയും നേരിടാനാകാതെ ലാലിന്റെ പടിയിറ ക്കം തലകുനിച്ച്.
1994 ലാണ് ‘അമ്മ’യ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി നിലവില്‍ വരുന്നത്. എം.ജി. സോമന് പ്രസിഡന്റായ സമിതിയില്‍ മമ്മൂട്ടിക്കൊപ്പം വൈസ് പ്രസിഡന്റായിരുന്നു മോഹന്‍ലാല്‍. തൊട്ടടുത്ത ഭരണസമിതിയില്‍ അംഗമാകാതെ മാറി നിന്നു. തുടര്‍ന്നുള്ള എല്ലാ സമിതിയിലും നിര്‍ണായക സ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായി.
2000-2003 ഭരണസമിതിയില്‍ രണ്ടാമതും വൈസ് പ്രസിഡന്റായി തിരികെയെത്തിയ മോഹന്‍ലാല്‍ 2003-2006 ൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള പടിയായിരുന്നു അത്. ഒട്ടും വൈകാതെതന്നെ തൊട്ടടുത്ത ഭരണസമിതിയില്‍ ജനറല്‍ സെക്രട്ടറിയായി.
പിന്നീടങ്ങോട്ടു തുടര്‍ച്ചയായി മൂന്നു സമിതിയിലും മോഹന്‍ലാല്‍ തന്നെയായിരുന്നു ജനറല്‍ സെക്രട്ടറി. 2015 ല്‍ മമ്മൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വന്നപ്പോള്‍ മോഹന്‍ലാല്‍ വൈസ് പ്രസിഡന്റായി.
ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റുമായി. പിന്നീട് നടന്ന മൂന്നു തെരഞ്ഞെടുപ്പിലും എതിരില്ലാതെ മോഹന്‍ലാല്‍ പ്രസിഡന്റായി തുടരുകയായിരുന്നു. ഇത്തവണ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാളായി സംഘടനയുടെ ചെങ്കോല്‍ കൈയിലേന്തിയ ഏറ്റവും പ്രബലനായ നേതാവിന്റെ പടിയിറക്കമാണ് കൃത്യം 58 ദിവസം പിന്നിടുമ്പോള്‍ ഇന്നലെ കേരളക്കര കണ്ടത്.