തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും.
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12-ന് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കും. താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവച്ചശേഷം ആദ്യമായാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം സംഘടനയിൽ നിന്നും ഒരു ഭാരവാഹിപോലും പ്രതികരണം അറിയിച്ചിരുന്നില്ല. അതിനെതിരേ കടുത്ത വിമർശനങ്ങളായിരുന്നു ഉയർന്നത്. സംഘടനയുടെ പ്രസിഡന്റായിരുന്ന മോഹൻലാൽ അന്ന് ചെന്നൈയിൽ ആയിരുന്നതിനാൽ ഒടുവിൽ ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി സിദ്ധിഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്.
അതിനു പിന്നാലെ സിദ്ദിഖിനെതിരേ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉയർന്നു വന്നത്. അതോടെ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവച്ചു. പിന്നാലെ അമ്മ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയും ഭരണ സമിതി പിരിച്ചു വിടുകയും ചെയ്തു. എന്നാൽ കൂട്ടരാജിയിലും അമ്മയിൽ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുന്നത്.