കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ എത്തിയേക്കും. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നലെ കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ ഒഴികെ മറ്റാരും പത്രിക നൽകിയിട്ടില്ല. 17 വർഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന്റെ പിൻഗാമിയാകും മോഹൻലാൽ.
എംഎൽഎമാരായ കെ.ബി. ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കും. നിലവിലെ സെക്രട്ടറി ഇടവേള ബാബു ജനറൽ സെക്രട്ടറി പദവിയിലേക്കും വരും. മമ്മൂട്ടിയാണ് സംഘടനയുടെ നിലവിലുള്ള ജനറൽ സെക്രട്ടറി. ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖ് എത്തിയേക്കും. ദിലീപിനു വേണ്ടി ഒഴിഞ്ഞു കൊടുത്ത ട്രഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്.
24ന് ചേരുന്ന ജനറൽബോഡിയിൽ പുതിയ ഭാരവാഹികളുടെ ചിത്രം വ്യക്തമാകും. ഇന്നസെന്റ് പാർലമെന്റ് അംഗം എന്ന നിലയിൽ ഒട്ടേറെ തിരക്കുകളുള്ളതിനാൽ ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനായുള്ള ആലോചനകൾ സജീവമായത്. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിൽ പൊതുസ്വീകാര്യനായ മോഹൻലാലിനെ ഇന്നസെന്റ് തന്നെയാണ് ആദ്യം നിർദേശിച്ചത്.
ഇപ്പോൾ ഓസ്ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുന്പായി നാട്ടിൽ തിരിച്ചെത്തും. സിനിമയിലെ വനിതാ സംഘടനയായ വുമണ് ഇൻ സിനിമ കളക്ടീവിൽനിന്ന് ആരും മത്സരരംഗത്തില്ലെന്നാണു സൂചന.
എന്നാൽ നടിമാരിൽ നാലുപേർ പുതുതായി എക്സിക്യൂട്ടീവ് കമ്മറ്റിയിലെത്തും. ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും സ്ത്രീ അംഗങ്ങൾ. ഒപ്പം ഇന്ദ്രൻസ്, ടിനി ടോം, സുധീർ കരമന തുടങ്ങിയവരും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായേക്കും.
പഴയ അംഗങ്ങളിൽ ആസിഫ് അലി തുടരാനും ഇടയുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം നടന്ന ജനറൽ ബോഡിയുടെ തിരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ അമ്മ ഭാരവാഹികളും മാധ്യമപ്രവർത്തകരും കൊന്പുകോർത്ത സംഭവം മനസിലുള്ളതിനാൽ ഇത്തവണ പത്രസമ്മേളനം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് അമ്മ ഭാരവാഹികൾ.
ജനറൽ ബോഡിയിൽ അന്നത്തെ ട്രഷററായിരുന്ന ദിലീപും പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസമാണ് കേസിൽ അറസ്റ്റിലായ ദിലീപിനെ അമ്മയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പിന്നീടു പുറത്താക്കി.