കൊച്ചി: ആനക്കൊന്പ് കേസിൽ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ഒന്നാം പ്രതിയായി കുറ്റപത്രം സമർപ്പിച്ചതു തന്നെ പീഡിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണന്നും വിശദീകരിക്കാനാവാത്ത വിധം മാനസികപീഡനമാണു നടക്കുന്നതെന്നും മോഹൻലാൽ മറുപടി സത്യവാങ്മൂലത്തിൽ കോടതിയിൽ വ്യക്തമാക്കി.
വനംവകുപ്പ് പെരുന്പാവൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനെതിരെയാണു മോഹൻലാൽ കോടതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്. 2011 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിന് ഏഴു വർഷം കഴിഞ്ഞാണു കുറ്റപത്രം നൽകിയത്. ഇതിൽ ഗൂഢാലോചനയുണ്ട്. തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ പരാതി ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നത്. തനിക്ക് ആനക്കൊന്പ് കൈവശം വയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും മോഹൻലാൽ പറയുന്നു.
തേവരയിലെ വസതിയിൽനിന്നു കണ്ടെത്തിയ രണ്ട് ജോഡി ആനക്കൊന്പുകൾ കൈവശംവയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ സർക്കാർ അനുമതി നൽകിയതാണ്. കേസിലെ നിലവിലെ നിയമപരമായ സാഹചര്യം ഇതാണ്. എന്നിട്ടും ആനക്കൊന്പ് അനധികൃതമാണെന്ന ഹർജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണന്നും സത്യവാങ്മൂലത്തിൽ മോഹൻലാൽ ബോധിപ്പിച്ചു.
മോഹൻലാലിന്റെ വസതിയിൽ 2011 ജൂലൈ 22-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെ സൂക്ഷിച്ച ആനക്കൊന്പ് പിടിച്ചത്. 2012 ജൂണ്‍ 12-ന് കേസ് രജിസ്റ്റർ ചെയ്തു. ഏഴു വർഷം കഴിഞ്ഞ് 2019 സെപ്റ്റംബറിലാണു കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണ്. മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.