കൊച്ചി: നടൻ ദിലീപിനെതിരേ നടപടി ആവശ്യപ്പെട്ട് നടിമാർ നൽകിയ കത്തിൽ അമ്മ എക്സിക്യുട്ടീവിൽ തീരുമാനമായില്ല. സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ എക്സിക്യുട്ടീവിനു തീരുമാനമെടുക്കാനാവില്ലെന്ന് സംഘടനാ പ്രസിഡന്റ് മോഹൻലാൽ നിലപാട് എടുത്തതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
എഎംഎംഎയുടെ ജനറൽ ബോഡിയാണ് ദിലീപിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടതെന്നും ഇത്തരത്തിൽ സംഘടനയ്ക്കു ലഭിച്ച നിയമോപദേശം കത്തു നൽകിയ നടിമാരെ ഒൗദ്യോഗികമായി അറിയിക്കുമെന്നും മോഹൻലാൽ അറിയിച്ചു.
ദിലീപിന്റെ സസ്പെൻഷൻ കാര്യത്തിൽ തീരുമാനം അറിയിക്കാത്തതിനെത്തുടർന്നു നടിമാർ വീണ്ടും ചലച്ചിത്ര സംഘടനയായ അമ്മയ്ക്കു കത്തുനൽകിയിരുന്നു. ദിലീപിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ടു സംഘടനയുടെ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. നടിമാരായ രേവതി, പാർവതി, പദ്മപ്രിയ എന്നിവരാണു കത്തയച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനു കൊച്ചിയിൽ ചേർന്ന യോഗത്തിലും നടിമാർ ഈ ആവശ്യമുന്നയിച്ചിരുന്നു. അന്നു നിയമവശങ്ങൾ പരിശോധിച്ചു മറുപടി നൽകാമെന്ന് അമ്മ ഭരവാഹികൾ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അമ്മയുടെ ഭാഗത്തുനിന്നു മറുപടി ലഭിച്ചിട്ടില്ലെന്നു നടി രേവതി പറഞ്ഞു.
യോഗത്തിനുശേഷം ഈ ആവശ്യമുന്നയിച്ചു മൂന്നാമത്തെ കത്താണ് അയയ്ക്കുന്നത്. ഓഗസ്റ്റ് 13-ന് ആദ്യ കത്തയച്ചു. പിന്നീട് സംസ്ഥാനത്തു പ്രളയമുണ്ടായതിനാൽ വിഷയം ഉന്നയിക്കാനുള്ള സാഹചര്യമല്ലായിരുന്നു. സെപ്റ്റംബർ 17-നു രണ്ടാമത്തെ കത്തയച്ചു.
കത്ത് കിട്ടിയോ ഇല്ലയോ എന്നറിയിക്കാൻപോലും അമ്മ നേതൃത്വം തയാറായില്ല. അങ്ങോട്ട് ബന്ധപ്പെട്ടപ്പോൾ “ഇൻബോക്സിലുണ്ട്’ എന്നാണ് പറഞ്ഞത്. വ്യക്തമായ മറുപടി കിട്ടാത്തതുകൊണ്ടാണ് മൂന്നാമതും ഇപ്പോൾ കത്തയച്ചിരിക്കുന്നതെന്നു രേവതി പറഞ്ഞു.