സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മയ്ക്കെതിരെ വനിതാ കമ്മീഷൻ. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല. ദിലീപ് ഇപ്പോഴും പ്രതി തന്നെയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. മോഹൻലാൽ നീതിപൂർവമായി പ്രവർത്തിച്ചില്ല.
മോഹൻലാലിന്റെ നിലപാട് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്നും ജോസഫൈൻ രാഷ്ട്രദീപികയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്നും പുറത്താക്കിയ ദിലീപിനെ വീണ്ടും തിരിച്ചെടുക്കാൻ അമ്മ ഭാരവാഹികൾ കൈക്കൊണ്ട തീരുമാനം ശരിയായില്ലെന്ന് ജോസഫൈൻ പറഞ്ഞു.
അമ്മയിലെ ജനപ്രതിനിധികളായ നടൻമാരും ഇക്കാര്യത്തിൽ വിമർശന വിധേയരാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതിന് മുൻപ് നിയമോപദേശമെങ്കിലും തേടാമായിരുന്നു എന്നാൽ അതൊന്നും ചെയ്യാതെ സാങ്കേതികത്വം പറഞ്ഞ് ദിലീപിനെ തിരിച്ചെടുത്തത് നീതിക്ക് നിരക്കുന്നതല്ല.
ആഗോള മലയാളികളുടെ പ്രതീകവും അഭിനയ പ്രതിഭയുമായ മോഹൻലാൽ നടൻ എന്നതിലുപരി ലെഫ്നന്ററ് കേണൽ കൂടിയാണ്. അമ്മയുടെ പ്രധാന ഭാരവാഹിയായി ചുമതലയേൽക്കുന്പോൾ അദ്ദേഹം നീതിപൂർവമായ തീരുമാനം എടുക്കണമായിരുന്നു.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചർച്ച ചെയ്യപ്പെട്ടതുമായ സംഭവമാണ് നടിയെ ആക്രമിച്ച കേസ്. ആരോപണ വിധേയനായ ദീലിപിനെ തിരിച്ചെടുക്കുന്ന വിഷയം മോഹൻലാലിന്റെ മുന്നിൽ എത്തിയപ്പോൾ അദ്ദേഹം കരുതലോടെയും നീതിപൂർവമായും തീരുമാനം എടുക്കണമായിരുന്നു.
സംഘടനയിൽ നിന്നും രാജിവച്ച നടിമാരെ മടക്കി കൊണ്ട് വരാനോ അവരോട് അനുഭാവപൂർവം കാര്യങ്ങൾ വ്യക്തമാക്കാനൊ മോഹൻലാൽ ശ്രമിക്കാതിരുന്നത് അംഗീകരിക്കാനാകില്ല. അതേ സമയം മോഹൻലാൽ നിലകൊണ്ടത് ആരോപണ വിധേയനായ നടൻ ദിലീപിനെ മടക്കി കൊണ്ട് വരാനായിരുന്നു. മോഹൻലാലിന്റെ നിലപാട് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതല്ലെന്നും ജോസഫൈൻ കുറ്റപ്പെടുത്തി.