മലയാള സിനിമാ ഗാനരംഗത്ത് തന്നെ വളര്‍ത്തിയത് മോഹന്‍ലാല്‍ അല്ലെന്ന് പിന്നണി ഗായകന് എംജി ശ്രീകുമാര്‍. ഫേസ്ബുക്കിലൊക്കെ ചില പോസ്റ്റുകള്‍ കണ്ടു. മോഹന്‍ലാല്‍ കാരണമാണ് ഞാന്‍ ഈ പാട്ടുകളൊക്കെ പാടിയത് എന്നരീതിയില്‍. ലാല്‍ കാരണം ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ല. അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ അഭിനയിച്ച കമലദളത്തിലും ഭരതത്തിലുമൊക്കെ ഞാന്‍ പാടണമായിരുന്നല്ലോ എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു. ഇപ്പോള്‍ മോഹന്‍ലാലിനെ കാണുന്നതൊക്കെ വളരെ കുറവാണ്. ലാലിനെ കണ്ടിട്ട് ഏറെ നാളായി. മോഹന്‍ലാലിന്റെ പുതിയ സിനിമകളിലൊന്നിലും അടുത്തെങ്ങും താന്‍ പാടിയിട്ടുമില്ല. എംജി ശ്രീകുമാര്‍ പറയുന്നു. പിജി വിശ്വംബരന്റെ സിന്ദൂര സന്ധ്യയ്ക്ക് മൗനം എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷം തിരിച്ചു വന്ന പ്രിയനും ഞാനും കൂടെ അഗ്നിനിലാവ് എന്ന ചിത്രം എടുക്കാന്‍ പദ്ധതിയിട്ടു. അത് നടന്നില്ല.
പിന്നീട് പ്രിയന് പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ ഓഫര്‍ വന്നു. ആ സിനിമയില്‍ ഞാന്‍ പാട്ട് പാടി. ആ സമയത്ത് സിനിമാ മോഹമായിരുന്നു മനസ്സില്‍. അതാണ് സൗഹൃദവും. സുരേഷ് കുമാറൊക്കെ ഉണ്ടാവും. ചിത്രാഞ്ജലിയില്‍ കിടന്ന് എല്ലാവരും ഒന്നിച്ചുറങ്ങും. സിനിമാ ചര്‍ച്ചകള്‍. അങ്ങനെയുള്ള കാലമാണത്. അവിടെ ആരും ആരെയും വളര്‍ത്തിയതല്ല. പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി. ആ സിനിമയില്‍ ഞാന്‍ രണ്ട് പാട്ട് പാടിയിരുന്നു. അതിന് ശേഷം ധീം തരികിട തോം, അയല്‍വാസി ഒരു ദരിദ്രവാസി അങ്ങനെ കുറേ ചിത്രങ്ങള്‍ വന്നു. അതിലൊക്കെ ഞാന്‍ പാടി. സംവിധായകരോട് എനിക്ക് കടപ്പാടുണ്ട്. ജോഷി ഏട്ടന് പിന്നീടുള്ള എല്ലാ സിനിമകളിലും എന്നെ വിളിക്കാന്‍ തുടങ്ങി. സിബി മലയില്‍ അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിച്ചു. ആരും ശുപാര്‍ശ ചെയ്തതുകൊണ്ടല്ല എനിക്കാ അവസരങ്ങള്‍ കിട്ടിയത്. ആ സമയത്ത് ഞാന്‍ പാടിയ പാട്ടുകള്‍ ഹിറ്റായത് കൊണ്ടാണ് എന്നെ വിളിച്ചത്. ഒരു ചിത്രത്തിലെ മുഴുവന്‍ പാട്ടും നല്കിയ സംവിധായകര്‍ വരെയുണ്ട്. അവരെയൊക്കെ നന്ദിയോടെയാണ് ഓര്‍ക്കുന്നതും.