ലിജിന്‍ കെ. ഈപ്പന്
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍ ഇതുവരെ. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാന്റെ ഓരോ വിളംബരത്തിലും പ്രേക്ഷകര്‍ വളരെ ആവേശത്തിലായിരുന്നു.
എന്നാല്‍ കോവിഡിന്റെ വരവോടെ സിനിമാ വ്യവസായം ആകെ അനിശ്ചിത്വത്തിലേക്കു നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കാണുന്നത്.
ഇപ്പോള്‍ വലിയ ബജറ്റില്‍ മലയാള സിനിമയില്‍ ഇതുവരെ പ്രകടമാകാത്ത കാഴ്ച്ചാവിസ്മയം ഒരുക്കാന്‍ അണിയറയില്‍ തയാറെടുത്ത എമ്പുരാനും കോവിഡിന്റെ മുന്നില്‍ നീങ്ങിനില്ക്കേണ്ട അവസ്ഥ വന്നിരിക്കുന്നു.
ലാൽ ഡാഡി, പൃഥ്വി ബ്രോ
അതുകൊണ്ടു തന്നെ ഇപ്പോള്‍ തന്റെ രണ്ടാം സംവിധാന സംരംഭത്തിനായി പൃഥ്വി ഒന്നു മാറി ചിന്തിച്ചിരിക്കുകയാണ്. മലയാള സിനിമയെ സംബന്ധിച്ചു ഏറ്റവും പുതിയ ചൂടുള്ള വാര്‍ത്തയും അതു തന്നെ.
ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍ നായകനാകുമ്പോള്‍ തുല്യ പ്രാധാന്യത്തില്‍ പൃഥ്വിരാജും ഒപ്പമെത്തുന്നു എന്ന സവിശേഷതയുമുണ്ട്.
മോഹന്‍ലാല്‍ ഡാഡിയായും പൃഥ്രി ബ്രോ ആയും വെള്ളിത്തിരയിലെത്തും. സിനിമയെ സംബന്ധിച്ചു എന്നും അപ്ഡേറ്റഡായി നില്ക്കുന്ന പൃഥ്വിരാജ് തന്റെ രണ്ടാം ചിത്രത്തെക്കുറിച്ച് “ബ്രോ ഡാഡി ഞാന്‍ സംവിധാനം ചെയ്യുന്ന ഫണ്‍ ഫാമിലി ഫിലിം’ എന്നാണ് പറഞ്ഞത്.
സിനിമാ സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി സമൂഹ മാധ്യമത്തില്‍ ലൈവ് വന്ന പൃഥ്വിയോട് ബ്രോ ഡാഡി ചെറിയ സിനിമയാണെന്ന് വിശ്വസിച്ചു… എന്ന ട്രോള്‍ നിറഞ്ഞ കമന്റാണ് ഒരു ആരാധകന് പങ്കുവച്ചത്.
മുന്‍ ചിത്രം ലൂസിഫറും ഒരു ചെറിയ സിനിമയാണെന്ന് അന്നു പൃഥ്രിരാജ് പറഞ്ഞിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നും 200 കോടി ക്ലബിലേക്കാണ് ചിത്രം ഇടം പിടിച്ചത്.
അതുകൊണ്ടു തന്നെ പൃഥ്വിരാജിന്റെ ചെറിയ സിനിമ എന്ന വിശേഷണം പ്രേക്ഷകര്‍ വിശ്വസിച്ചിട്ടില്ല. ഇതിനു മറുപടി, “ബ്രോ ഡാഡി സത്യമായിട്ടും ഒരു ചെറിയ സിനിമയാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡിന്റെ നിയന്ത്രണങ്ങളോടെ ചെയ്യാനാകുന്ന സിനിമയുമാണ്’ എന്നു വ്യക്തമാക്കിയിരിക്കുകയാണ് താരം.
പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ് മങ്ക്സ് ഡിസൈനിലെ എന്‍. ശ്രീജിത്ത്, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനു രചന ഒരുക്കുന്നത്.
എഴുത്തുകാരന് ജി.ആര്. ഇന്ദുഗോപനന്റെ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയെ അതേ പേരില്‍ തന്നെ ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ബിബിന്‍ മാളിയേക്കലാണ് ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തില്‍ ഒരാള്‍.
കോവിഡാണ് പൃഥ്വിരാജ് എന്ന പോലെ ബിബിനേയും ബ്രോ ഡാഡിയെന്ന പ്രോജക്ടിലേക്ക് ഇപ്പോള്‍ കൊണ്ടെത്തിച്ചത്. ലാല്‍- പൃഥ്വി കോമ്പോയ്ക്കൊപ്പം വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.
കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് ഷാഹിര്‍ തുടങ്ങിയ പ്രമുഖര്‍ കഥാപാത്രങ്ങളാകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഉടന്‍ ആരംഭിക്കുന്ന ചിത്രങ്ങളിലൊന്നായിരിക്കും ബ്രോ ഡാഡി.
കല്യാണിയുടെ വാക്കുകൾ
ചിത്രത്തില്‍ നായികയായി എത്തുന്ന കല്യാണി പ്രിയദര്‍ശന്റെ വാക്കുകളും കഴിഞ്ഞ ദിവസങ്ങളില്‍ നവ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ബ്രോ ഡാഡിയുടെ തിരക്കഥയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് “ഇതു രസകരമായിരിക്കും’ എന്ന വിശേഷണമാണ് കല്യാണി പോസ്റ്റ് ചെയ്തത്.
ഇതോടെ പ്രേക്ഷകരുടെ പ്രതീക്ഷ കൂടിയിരിക്കുകയാണ്. വരനെ ആവശ്യമുണ്ട്, കുഞ്ഞാലിമരയ്ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം കല്യാണി വീണ്ടും മലയാളത്തിലേക്കെത്തുകയാണ് ഈ ചിത്രത്തിലൂടെ.
ചിരിച്ച് മറിഞ്ഞ് പൃഥ്വി
ചിത്രത്തിന്റെ അണിയറയിലും വമ്പന്‍ ടീമാണ് സംഘടിക്കുന്നത്. അഭിനന്ദന് രാമാനുജം കാമറയും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
ഗോകുല്‍ ദാസ് കലാസംവിധാനവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും ശ്രീജിത് ഗുരുവായൂര്‍ മേക്കപ്പ് വിഭാഗവും കൈകാര്യം ചെയ്യുന്നുണ്ട്.
“പൃഥ്വിരാജിനെ നേരിട്ട കണ്ട് കഥ പറഞ്ഞ സമയം തുടക്കം മുതല്‍ തീരുംവരെ അദ്ദേഹം ചിരിച്ച് മറിയുകയായിരുന്നു. കഥയില്‍ പൃഥ്വി എക്സൈറ്റഡായി’ വാക്കുകള്‍ തിരക്കഥാകൃത്തുക്കളുടേതാണ്.
അതുകൊണ്ടു തന്നെ മുന്‍ ചിത്രത്തില്‍ നിന്നും മാറി പൂര്‍ണമായും ഒരു കോമഡി ട്രാക്കില്‍ കുടുംബ ചിത്രമായിരിക്കും മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ ഒരുക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
എങ്കിലും സംവിധായകന് പൃഥ്വിരാജാണ്… വെള്ളിത്തിരയില്‍ എന്തു വിസമയക്കാഴ്ചകളും പ്രതീക്ഷിക്കാം…