മോഹന്‍ലാലും സത്യന് അന്തിക്കാടുമായുള്ള സൗഹൃദത്തിന്റെ രസതന്ത്രം പരസ്പരം അവര്‍ക്ക് ഹൃദയത്തെ തൊടാന്‍ കഴിയുന്നു എന്നുള്ളതാണ്. ലാല്‍- സത്യന് കൂട്ടുകെട്ടില്‍ വിരിഞ്ഞ സിനിമകളുടെ വിജയത്തിന് കാരണവും അത് തന്നെ. ലാലിനെ വച്ച് 20 ചിത്രങ്ങളാണ് സത്യന് സംവിധാനം ചെയ്തിട്ടുള്ളത്. അപ്പുണ്ണി എന്ന സിനിമയിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പുതിയ അതിരുകളിലേക്ക് കടക്കുന്നത്. തമാശ പറയാനും പരസ്പരം കളിയാക്കാനുമൊക്കെയുള്ള സ്വാതന്ത്രത്തിലേക്ക് അത് വളര്‍ന്നു. കളിയില്‍ അല്‍പ്പം കാര്യം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന്ന രസകരമായ ആ സംഭവത്തെക്കുറിച്ച് സത്യന് വാചാലനാകുന്നു:
ഒരു ദിവസം കോഴഞ്ചേരിയിലെ ഷൂട്ടിംഗ് വര്‍ക്ക് അവസാനിക്കുമ്പോള്‍ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു. മടക്കയാത്രയില്‍ ഞാനും ലാലും ബാക്ക് സീറ്റില്‍. മുന്പില് കാമറാമാന് ആനന്ദക്കുട്ടന്. ജോണാണ് വണ്ടിയോടിക്കുന്നത്. ഇടയ്ക്ക് ഒരാള്‍ വണ്ടിക്ക് കൈകാണിച്ചു. അസമയമായതിനാല്‍ ഞാന്‍ ജോണിനോട് വണ്ടി നിര്‍ത്തേണ്ട എന്ന് പറഞ്ഞു. പക്ഷേ ലാല്‍ സമ്മതിച്ചില്ല. “സത്യനെന്ന് പേരുണ്ടായാല്‍ പോരാ സന്മനസ് ഉണ്ടാവണം” ലാല്‍ എന്നെ ഉപദേശിച്ചുകൊണ്ട് പറഞ്ഞു. വണ്ടി നിര്‍ത്തിയതും അയാള്‍ ഓടി വന്നു. ഞങ്ങള്‍ എറണാകുളത്തേക്കാണെന്നറിഞ്ഞതും ലിഫ്റ്റ് തരാമോ എന്നയാള്‍. ആരും എതിര്‍ത്തൊന്നും പറഞ്ഞില്ല. ആനന്ദക്കുട്ടനോടൊപ്പം അയാളും മുന്‍സീറ്റിലിരുന്നു. എന്നെ ശുണ്ഠി പിടിപ്പിക്കാനെന്നവണ്ണം ലാല്‍ അയാളോട് സംസാരിക്കാന്‍ തുടങ്ങി.
സംസാരിച്ച് വന്നപ്പോള്‍ എറണാകുളത്ത് ഫാക്ട് ഉദ്യോഗമണ്ഡലില്‍ ജോലിയുള്ള അയാള്‍ ലാലിന്റെ അമ്മാവന്റെ സഹപ്രവര്‍ത്തകനാണ് എന്ന് മനസിലായി. നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് ലാലിന്റെ കുടുംബത്തെക്കുറിച്ചും ഏതാണ്ടൊക്കെ അമ്മാവന് പറഞ്ഞ് അറിയാമായിരുന്നു. ലാലിന്റെ അച്ഛന് വിശ്വനാഥനെ അറിയാമെന്ന് പറഞ്ഞ അയാള്‍ വിശ്വനാഥന്റെ രണ്ട് മക്കളില്‍ മൂത്തയാള്‍ എന്തു ചെയ്യുന്നു എന്ന് ചോദിച്ചു. നേവിയിലാണെന്ന് ലാല്‍ ഉത്തരം പറഞ്ഞു. ഉടന്‍ വന്നു അടുത്ത ചോദ്യം. “നിങ്ങളോ?” ആ ചോദ്യം ലാല്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ലാലന്ന് സ്റ്റാറാണ്. താന്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുവന്ന ഒരാള്‍ തന്നെ തിരിച്ചറിഞ്ഞില്ലെന്ന് വന്നാല്‍? ലാല്‍ ഒന്നും മിണ്ടിയില്ല. ഞങ്ങളിലാരെങ്കിലും അത് പറയണമെന്ന് ലാല്‍ ആഗ്രഹിക്കുന്നതായി തോന്നി. പക്ഷേ ആരും ഒന്നും മിണ്ടിയില്ല.
പകരം അത് വരെ ഓഫായി കിടന്ന ബാക്ക് ലൈറ്റ് ഞാന്‍ ഓണാക്കി കൊടുത്തു. കാറിനുള്ളില്‍, നിറഞ്ഞ പ്രകാശത്തില്‍ അയാള്‍ ലാലിനെ കണ്ടു. എന്നിട്ട് ഒരൊറ്റ ചോദ്യം “ജോലിയൊന്നും ആയില്ല അല്ലേ? ” ആ സമയം ലാലിന്റെ മുഖം വിളറി വെളുക്കുന്നത് ഞാന്‍ കണ്ടു. ചിരി പൊട്ടിയ ഞാന്‍ പെട്ടെന്ന് ലൈറ്റ് ഓഫ് ചെയ്തു. ലാല്‍ സീറ്റിലേക്ക് ചാരി ഉറങ്ങുന്നതുപോലെ കിടന്നു. പിന്നെ സംസാരമൊന്നുമുണ്ടായില്ല. എറണാകുളത്തെത്തിയപ്പോള്‍ അയാളിറങ്ങി ഞങ്ങളോട് യാത്ര പറഞ്ഞു. “വിശ്വനാഥന് നായരുടെ മകന് ഉറക്കത്തിലാണെന്ന് തോന്നുന്നു. ഉണര്‍ത്തേണ്ട. അയാളോട് പറഞ്ഞാല്‍ മതി”. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു “ഇയാളെയൊക്കെ വണ്ടിയില്‍ കയറ്റിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ”. അന്ന് ഞങ്ങള്‍ ചിരിച്ച ചിരിക്ക് കണക്കില്ല- സത്യന് പറഞ്ഞ് നിര്‍ത്തുന്നു.