മോഹൻലാലിനെ മലയാള സിനിമയുടെ താരരാജാവായി വാഴ്ത്തപ്പെട്ടതിന് പിന്നിൽ നിരവധി സിനിമകളുണ്ട്. എന്നാൽ അവയിൽ പ്രധാനപ്പെട്ട സിനിമകൾ നരസിംഹം, ആറാം തന്പുരാൻ എന്നീ ഷാജി കൈലാസ് ചിത്രങ്ങളായിരുന്നു.
ഇന്നും ലാലേട്ടന്റെ ആരാധകർ നെഞ്ചോട് ചേർത്തു വച്ച ചിത്രങ്ങളാണിവ.വീണ്ടും ഷാജി കൈലാസും മോഹൻലാലും ഒന്നിക്കാൻ പോവുകയാണെന്ന് നേരത്തെ പലപ്പോഴും വാർത്തകൾ വന്നിരുന്നു. മറ്റ് പല സിനിമകളുടെ തിരക്കുകളിലാണെങ്കിലും മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുതിയ സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കാൻ പോവുകയാണെന്നാണ് പുതിയ വാർത്തകൾ. ചിത്രം 2018 ജനുവരി 26 ന് റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ആ ദിവസം സിനിമ റിലീസിനെത്തിക്കുന്നതിന് ഒരു കാരണമുണ്ടെന്നാണ് സംവിധായകൻ പറയുന്നത്. 2000 ജനുവരി 26ന് ആയിരുന്നു നരസിംഹം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. 2018 ആവുന്പോൾ ചിത്രം പതിനെട്ട് വർഷം പൂർത്തിയാക്കുകകയാണ്. ആ ദിവസം തന്നെ പുതിയ ചിത്രം റിലീസിനെത്തിക്കണമെന്ന ആഗ്രഹത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
നരസിംഹത്തിന്റെ നിർമാതാവായിരുന്ന ആന്റണി പെരുന്പാവൂരാണ് ഈ ചിത്രവും നിർമിക്കാൻ പോവുന്നത്. ഒപ്പം രഞ്ജി പണിക്കരാണ് ചിത്രത്തിന് കഥയെഴുതുന്നതും. ചിത്രത്തിന് നരസിംഹത്തിന്റെ കഥയുമായി ഒരു സാമ്യവുമില്ലെന്നാണ് ഷാജി കൈലാസ് പറയുന്നത്. വ്യത്യസ്തമായ മറ്റൊരു കഥയായിരിക്കും ചിത്രം പറയുക. സിനിമയുടെ ചിത്രീകരണം 2017 ഓക്ടോബറിൽ ആരംഭിക്കുമെന്നാണ് പറയുന്നത്. മോഹൻലാലിന്റെ നായിക ആരാണെന്നുള്ള കാര്യം ഇനിയും തീരുമാനമായിട്ടില്ല.