മലയാള സിനിമയിലെ ഏറ്റവും വിജയകരമായ കൂട്ടുകെട്ടുകളിലൊന്നായിരുന്നു മേഹൻലാലും ശ്രീനിവാസനും തമ്മിലുള്ളത്. സിനിമയിൽ അവരൊന്നിച്ചപ്പോഴൊക്കെ പ്രേക്ഷകർക്ക് ഉത്സവമായിരുന്നു.
ഇടക്കാലത്ത് ഇവർക്കിടയിലുണ്ടായ വിള്ളൽ ആരാധകർ ഒരുപാട് ചർച്ച ചെയ്തതാണ്. ഇനി എന്നാണ് ഇവരൊന്നിച്ച് വീണ്ടുമൊരു ചിത്രം എന്നതും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ ഇക്കാര്യങ്ങളൊക്കെ പ്രതിപാദിച്ചുകൊണ്ട് ചലച്ചിത്ര സംവിധായകൻ ആലപ്പി അഷ്റഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
തനിയാനാലും തല പോനാലും.. പറയാനുള്ളത് പറയുന്നയാളാണ് നടൻ ശ്രീനിവാസൻ എന്നു പറഞ്ഞാണ് ആലപ്പി അഷ്റഫ് തന്റെ കുറിപ്പു തുടങ്ങുന്നത്.
ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മാത്രമല്ല, നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. സാക്ഷാൽ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തിൽ ശബ്ദം നല്കിയത് ശ്രീനിവാസനാണ്.
താൻ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ” ഒരു മുത്തശി കഥ’ യിൽ തമിഴ് നടൻ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്ദം നൽകിയത്. കഥാപ്രസംഗ കുലപതി സംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയിൽ സാംബശിവൻ ശ്രീനിയിലൂടെയാണ് സംസാരിച്ചത്.
മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പിൽ നിന്നും ജന്മം കൊണ്ടതാണ്.
കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേൽവിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആൾകൂടിയാണ് ശ്രീനി. ഒറ്റക്കെത്തിയപ്പോൾ പിന്നീട് മോഹൻലാൽ–ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു. ഉദയനാണ് താരത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോൾ … ബാക്കി പറയണ്ടതില്ലല്ലോ.- ആലപ്പി അഷ്റഫ് പറയുന്നു.
പ്രഥമദൃഷ്ട്യാ അവർ തമ്മിലുള്ള സൗഹൃദം ഊഷ്മളമായിരുന്നെങ്കിലും അന്തർധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാൻ. സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലായിരുന്നുവെന്ന് ഒരിക്കൽ താൻ ശ്രീനിയോട് തുറന്നു പറഞ്ഞുവെന്നും ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.
അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദർശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്തിട്ടുണ്ട്.
സിനിമയിലെ കുതികാൽ വെട്ട്, പാര പണിയൽ , അസൂയ, കുശുമ്പ് അങ്ങനെയൊന്നും ശ്രീനിയുടെ ഡിക്ഷണറിയിൽ പോലും കാണാൻ പറ്റില്ല. ചുരുക്കത്തിൽ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം.. നല്ല നടൻ, സംവിധായകൻ, തിരകഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ്, നല്ല ഒളിയമ്പെയ്ത്ത്കാരൻ അതാണ് നമ്മുടെ ശ്രീനിയെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്കു പ്രതീക്ഷിക്കാമോ എന്നു ചോദിച്ചു കൊണ്ടാണ് ആലപ്പി അഷ്റഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.