മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാലിനെ നായകനാക്കാന്‍ ഭാഗ്യം ലഭിക്കാത്ത പ്രമുഖ സംവിധായകനാണ് വിനയന്. മോഹന്‍ലാല്‍ ഡേറ്റ് നല്‍കാത്തതാണ് ഇതിനു കാരണമെന്ന് മലയാള സിനാമാലോകം അടക്കം പറയുന്നു. ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് വിനയന്റെ സംവിധായക ജീവിതത്തോളം പഴക്കമുണ്ട്. വിനയന് തന്റെ ആദ്യ ചിത്രമായ സൂപ്പര്‍ സ്റ്റാറിന്റെ തിരക്കഥയുമായി ആദ്യം സമീപിക്കുന്നത് മോഹന്‍ലാലിനെയാണ്. എന്നാല്‍ തിരക്കുകള്‍ കാരണം മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയില്ല.
ഇതില്‍ നിരാശനായ വിനയന് മോഹന്‍ലാലിന്റെ സാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി പടം ഇറക്കിയെങ്കിലും തീയറ്ററില്‍ പടം അമ്പേ പരാജയമായി. പിന്നീട് ഇതുവരെ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ വിനയന് സാധിച്ചിട്ടില്ല. അതിന്റെ കലിപ്പില്‍ അവസരം കിട്ടുമ്പോഴെല്ലാം വിനയന് മോഹന്‍ലാലിനെതിരെ രംഗത്തു വരുന്നത് പതിവാണ്. ഇതോടെ വിനയന് ഒരിക്കലും ഡേറ്റ് കൊടുക്കണ്ട എന്ന തീരുമാനത്തിലേക്ക് ലാല്‍ എത്തുകയായിരുന്നു.
അന്തരിച്ച നടന് തിലകനും താരസംഘടനയായ അമ്മയുമായി നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിലും മോഹന്‍ലാലിന് എതിരെ വിനയന് പ്രസ്താവനകള്‍ ഇറക്കിയിരുന്നു. കലാഭവന്‍ മണി അനുസ്മരണവുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ നടന്ന ചടങ്ങില്‍ വിനയനെ ഒഴിവാക്കിയത് മോഹന്‍ലാലിന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്നു മാക്ട ഫെഡറേഷന് പ്രസിഡന്റ് സംവിധായന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് ഇതുവരെ അയവു വന്നിട്ടില്ല.