ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മോഹൻലാലും അന്ന ബെന്നും അഭിനയ മികവിൽ മുന്പിലെത്തിയെന്നു ദേശീയ ചലച്ചിത്ര അവാർഡ് ജൂറി.
പക്ഷേ മികച്ച നടനുള്ള അവാർഡിനു തെരഞ്ഞെടുക്കപ്പെട്ട തമിഴ്നടൻ ധനുഷും ഹിന്ദി നടൻ മനോജ് വാജ്പേയിയും ആയുള്ള മൽസരത്തിൽ മോഹൻലാലിനെ ജൂറി പരിഗണിച്ചില്ല.
മികച്ച നടിയായ കങ്കണ റണാവത്തുമായി അന്നയെ താരതമ്യം ചെയ്യാനാകില്ലെന്നാണു ജൂറിയുടെ മതം.
മികച്ച സിനിമ അടക്കം മലയാള സിനിമയ്ക്കു അർഹമായ അംഗീകാരം കിട്ടിയെന്നു അവാർഡ് സമിതി അംഗങ്ങളായ ജി.പി. വിജയകുമാറും എസ്. കുമാറും വ്യക്തമാക്കി.
മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ സിനിമയിൽ ലാൽ ഉജ്വല അഭിനയം കാഴ്ചവച്ചുവെന്നതിൽ ജൂറിക്കു സംശയമില്ല.
ലാലിന്റെ അഭിനയ മികവ് ദേശീയ അവാർഡിനേക്കാളും മുകളിലാണെന്നാണു തന്റെ അഭിപ്രായമെന്നു വിജയകുമാർ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും തലപ്പത്താണ് മോഹൻലാലിന്റെ സ്ഥാനം. പക്ഷേ ദേശീയ അവാർഡിനുള്ള മാനദണ്ഡങ്ങൾ പരിഗണിക്കുന്പോൾ ധനുഷും മനോജുമാണു മുന്പിലെത്തിയത്.
ഹെലൻ എന്ന സിനിമയിലെ അന്ന ബെന്നിന്റെ അഭിനയവും അതീവ ഗംഭീരമായിരുന്നു. അന്നയുടെ ക്ലാസ് വ്യക്തമാണ്.
പക്ഷേ മണികർണിക- ക്യൂണ് ഓഫ് ഝാൻസിയിലെയും പങ്കയിലെയും കങ്കണയുടെ അഭിനയം വേറെ ലെവലിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അനുഭാവ രാഷ്ട്രീയമല്ലേ കങ്കണയെ ദേശീയ അവാർഡിന് തെരഞ്ഞെടുക്കാൻ കാരണമെന്ന ചോദ്യത്തിന് അല്ലെന്നു ജൂറി ചെയർമാൻ എൻ. ചന്ദ്രയും മറ്റംഗങ്ങളും പറഞ്ഞു.
തിരക്കഥാകൃത്ത്് ബെന്നി പി. നായരന്പലത്തിന്റെ മകളായ അന്ന, കുന്പളങ്ങി നൈറ്റ്സിലൂടെയാണ് അഭിനയ രംഗത്തേക്കു വന്നത്. ഹെലൻ, കപ്പേള എന്നിവയിലും ഉജ്വലമായ അഭിനയത്തിലൂടെ ശ്രദ്ധേയയായി.
മികച്ച നടിക്കുള്ള പുരസ്കാരം കങ്കണയ്ക്കു നൽകിയതിൽ പക്ഷേ രാഷ്ട്രീയ ചായ്വ് ഉണ്ടെന്നാണു ഒരു വിഭാഗം നിരീക്ഷകരുടെ ആക്ഷേപം.
അടുത്തിടെ പല വിവാദങ്ങളിലും ഉൾപ്പെട്ട കങ്കണയുടെ അഭിനയമികവ് അംഗീകരിക്കുന്പോഴും രാഷ്ട്രീയ ചായ്വ് സ്വാധീനിച്ചിരിക്കാമെന്നാണു പരാതി.
എന്നാൽ അത്തരം സ്വാധീനങ്ങളൊന്നും ഉണ്ടായില്ലെന്നു ജൂറിയംഗം വിജയകുമാർ ദീപികയോടു പറഞ്ഞു.
മികച്ച സിനിമ അടക്കം മലയാള സിനിമയുടെ മികവ് ജൂറിയെ ബോധ്യപ്പെടുത്താൻ വാദിക്കേണ്ടി വന്നതായി എസ്. കുമാറും വിജയകുമാറും പറഞ്ഞു.
മലയാള സിനിമയ്ക്ക് ഇത്രയേറെ പുരസ്കാരങ്ങൾ കിട്ടിയതു അഭിമാനാർഹമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.