തമിഴ് ജനതയോടൊപ്പം എത്തില്ലെങ്കിലും താരാരാധന ഇപ്പോൾ വളരെ കൂടുതലുണ്ട് മലയാളികളിൽ. മോഹൻലാലിനോടുള്ള പ്രേക്ഷകരുടെ ആരാധന വളരെ കൂടുതലാണ് എന്നു പറയാം. ഈ മാസം നടന്ന മോഹൻലാലിന്റെ 64-ാം പിറന്നാൾ ആഘോഷ വേള തന്നെ എടുക്കാം.
ടിവിയിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ലാലേട്ടനുള്ള പിറന്നാൾ ആശംസകളായിരുന്നു. 1980-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ട പ്രേക്ഷകൻ മുതൽ നാലോ അഞ്ചോ വയസുള്ള കുഞ്ഞുങ്ങൾ വരെ “ഹാപ്പി ബർത്ത്ഡേ ലാലേട്ടാ’ എന്നു പറയുന്ന അപൂർവ ഭംഗികളും ഈ പിറന്നാൾ വേളയിലും കാണാം.
യുട്യൂബിൽ പതിവുപോലെ മോഹൻലാൽ സിനിമാവിശേഷങ്ങളും കഥകളും ഉണ്ടായിരുന്നു. അതിലൊന്നിൽ മോഹൻലാൽ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകൾ കേട്ടു. വിലയിരുത്തൽ മികച്ചതായിരുന്നുവെങ്കിലും അതിലെ ഒരു പരാമർശത്തോട് യോജിക്കാൻ പ്രയാസമുണ്ട്.
സിനിമയിൽ അഭിനയിക്കുവാൻ എത്തുന്നതിനു മുന്പ് മോഹൻലാൽ ഡിസിപ്ലിൻഡ് വ്യക്തിയായിരുന്നുവെന്നും കോളജ് ജീവിതത്തിലും മറ്റും അച്ചടക്കത്തോടെ പെരുമാറിയിരുന്ന മോഹൻലാൽ സിനിമയിലെത്തിയശേഷം കുറുന്പനായി എന്നുമായിരുന്നു പരാമർശം. മമ്മൂട്ടി നേരേ തിരിച്ചുമായിരുന്നത്രേ.
മോഹൻലാൽ പൊതുവേ മിതഭാഷിയാണ്. അഭിമുഖങ്ങളിൽ പങ്കെടുക്കുന്പോൾ ആവശ്യത്തിനു മാത്രം സംസാരിക്കുന്ന ലാലിനെയാണ് പ്രേക്ഷകർ കാണുന്നതും. പൊതുജനങ്ങൾക്കിടയിൽ ഇന്നും അൽപം നാണത്തോടെ ഒതുങ്ങി നടക്കുന്ന ആളുമാണ്. എന്നാൽ കോളജിലെ സുഹൃത്തുക്കളോടോ ഒന്നിച്ച് യാത്ര ചെയ്തവരോടോ ചോദിച്ച് നോക്കിയാൽ അറിയാം ഇന്നത്തെ കുറുന്പിനേക്കാൾ എത്രയോ ഇരട്ടി കുസൃതിക്കാരനായിരുന്നു ലാൽ എന്ന്.
എഴുപതുകളുടെ ഒടുവിൽ മുടവൻമുകൾ പൂജപ്പുര വഴി നാലാഞ്ചിറയ്ക്കുള്ള ബസിലെ വിശേഷങ്ങൾ അന്നത്തെ ഹൈസ്കൂൾ വിദ്യാർഥി (സംസ്ഥാന സർക്കാരിന്റെ ഒരു ഉന്നത പദവിയിൽ നിന്നും വിരമിച്ചയാൾ)ഇന്നും പൊട്ടിച്ചിരിയോടെയാണ് പറയുന്നത്. അന്ന് ബസിലെ ഹീറോകളിൽ ഒരാളായിരുന്ന മോഹൻലാലിന്റെ കുസൃതികൾ പറഞ്ഞാലും പറഞ്ഞാലും മതിവരില്ല. അണ്ണൻ എന്ന് അന്ന് താൻ ഉൾപ്പെടെയുള്ള ജൂനിയർ വിദ്യാർഥികൾ വിളിച്ചിരുന്ന മോഹൻലാലിന്റെ ഇന്നത്തെ സിനിമയിലെ ആധിപത്യം ഇന്നും ആൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
വിശ്രമവേളകളെ ആനന്ദകരമാക്കുക എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ഡയലോഗ് പോലെയായിരുന്നു അന്ന് കോളജിലേക്കുള്ള ലാലിന്റെ ബസ് യാത്ര. വിസിലടിച്ചും ബഹളം വച്ചും ഫുട്ബോർഡിൽ തൂങ്ങിയുമായിരുന്നു യാത്ര. കോളജ് വിദ്യാർഥികളുടെ ഈ ആഘോഷപ്രകടനങ്ങൾ അന്നത്തെ കണ്ടക്ടർമാർക്ക് രസിച്ചിരുന്നില്ലെന്ന് മാത്രം. എംജി കോളജ് വിദ്യാർഥിയായി ലാലിനെ കണ്ടിട്ടുള്ളവരെല്ലാം ഒറ്റശ്വാസത്തിൽ പറയുന്നത് സിനിമയിൽ എത്തിയ ശേഷം മോഹൻലാൽ ക്ലാസ് ആയി മാറിയെന്നാണ്.
ഷോലെ സിനിമ വൻ തരംഗമായി കേരളത്തിലും നിറയുന്ന കാലത്ത് സിനിമയിലെ വില്ലൻ അംജദ്ഖാന്റെ വലിയ ആരാധകനായിരുന്നു മോഹൻലാൽ. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജിൽ മോഹൻലാലിന്റെ ജൂനിയറായിരുന്ന മുരളി കോട്ടയ്ക്കകം അക്കഥ പറയുന്നത് കേൾക്കാം.
“ഞാൻ പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പിൽ പഠിക്കുന്പോൾ ലാലേട്ടൻ അവിടെ ബികോം വിദ്യാർഥിയാണ്. കോമഴ്സ് ബ്ലോക്കിന്റെ അടുത്തുള്ള മരത്തിന്റെ ചുവട്ടിൽ ഷോലെയിലെ അംജദ്ഖാനായി സ്വയം മാറി ലാലേട്ടൻ പറയുന്ന ഒരു ഡയലോഗുണ്ട്. ലാലേട്ടന്റെ തന്നെ മൂന്ന് സുഹൃത്തുക്കൾ ഗബ്ബർസിംഗിന്റെ അനുയായികളായ വില്ലന്മാരായി മുന്നിൽ നിരന്നു നില്ക്കും. അവരോട് പറയുന്ന ഡയലോഗാണ്.
പിന്നിൽ ധർമേന്ദ്രയും അമിതാബ് ബച്ചനും നില്ക്കുന്നതായി സങ്കല്പിച്ച് പിന്നിലേക്കു വിരൽ ചൂണ്ടി – വോ ദോ ഹെ, തും തീൻ… എന്ന് സാക്ഷാൽ ഗബ്ബർ സിംഗ് ശൈലിയിലാണ് സംഭാഷണം. ലാലേട്ടന്റെ സുഹൃത്തുക്കളും ഞങ്ങളെ പോലെ ചില ജൂനിയർ വിദ്യാർഥികളും ബോളിവുഡിലെ അംജദ്ഖാനെ നേരിട്ട് കണ്ടത് പോലുള്ള സന്തോഷത്തിൽ മതിമറക്കും.
മുടങ്ങാതെ ക്ലാസിൽ കയറി അധ്യാപകർ പറയുന്നതെല്ലാം അനുസരണയോടെ കേട്ടിരിക്കുന്ന പ്രകൃതമായിരുന്നില്ല ലാലേട്ടന്റേത്. ചിലപ്പോഴെല്ലാം ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുക, ഗബ്ബർ സിംഗായി മാറുക ഒക്കെ വിനോദങ്ങളായിരുന്നു. ലാലേട്ടന്റെ കളിതമാശകൾ ആസ്വദിക്കുവാൻ ഞങ്ങളെ പോലെ കുറേപ്പേർ ഉണ്ടായിരുന്നു.” കോളജിൽ നടന്ന നാടക മത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ലാലേട്ടന്റെ ഫോട്ടോ കോളജ് മാഗസീനിൽ അച്ചടിച്ച് വന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ക്ഷേത്രത്തിന്റെ മുൻ പിആർഒയും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ മുരളി കോട്ടയ്ക്കകം ഓർമിക്കുന്നു.
അനുഗ്രഹം പോലെ ലഭിച്ച ഏതോ തേജസ്, താരതമ്യങ്ങളില്ലാത്ത വ്യക്തിപ്രഭാവം.. സത്യമാണത്. മോഹൻലാൽ ഒരു അഭിനയ സംസ്കാരമായി മാറിയിരിക്കുന്നു. “എന്നെക്കൊല്ലാതിരിക്കാൻ പറ്റുമോ” എന്ന് കണ്ണുകളിൽ ഒരു പ്രത്യേക ഭാവത്തോടെ ലാലിന്റെ കഥാപാത്രം പറഞ്ഞത് ഇന്നും പ്രേക്ഷകരുടെ നെഞ്ചുരുക്കുന്പോൾ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ ഡ്രൈവർ കഥാപാത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു.
ശ്രീനിവാസന്റെ അമേരിക്കക്കാരൻ കഥാപാത്രം “”ഹൗമെനി കിലോമീറ്റേഴ്സ് ഫ്രം വാഷിംഗ്ടൺ ഡിസി ടു മയാമി ബീച്ച്” എന്ന് ചോദിക്കുന്നുണ്ട്. മുണ്ട് മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലിന്റെ കഥാപാത്രം ആദ്യം ങ്ങേ എന്ന് ചോദിക്കുന്നുണ്ടെങ്കിലും പിന്നെ വട്ടം തിരിഞ്ഞ് ജഗതിയോട് “”അയാം ദി ആൻസർ. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് …” എന്ന ഡയലോഗ് കേട്ട് ഇന്നും പൊട്ടിച്ചിരിക്കുന്നു നമ്മൾ.
മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ മംഗലശേരി നീലകണ്ഠനായി വന്ന് ഭാനുമതിയെന്ന രേവതിയുടെ കഥാപാത്രത്തെ ചേർത്ത് പിടിച്ച്- “”പുണ്യമാണ് നീ..കോടി പുണ്യം. മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യം വേണ്ടെന്ന് വയ്ക്കാൻ തോന്നിയത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് ”എന്നത് ഇന്ന് അന്യമാകുന്ന പുരുഷന്റെ സ്നേഹക്കരുതൽ തന്നെയല്ലേ.
എസ്.മഞ്ജുളാദേവി