ആശംസകളുമായി യുവതാരങ്ങള്‍ മുതല്‍ മമ്മൂട്ടി വരെ! അവസ്മരണീയമായ രീതിയില്‍ കൊണ്ടാടാന്‍ മൂന്‍കൈയെടുത്ത് ആരാധകസമൂഹം; നടന വിസ്മയം, മോഹന്‍ലാലിന്റെ പിറന്നാളാഘോഷിച്ച് മലയാള സിനിമാലോകം

മേയ് 21. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍. മോഹന്‍ലാല്‍ എന്ന നടനെ ഒരു വികാരമായി കൊണ്ടുനടക്കുന്ന മലയാളികള്‍ക്ക് ആഘോഷിക്കാന്‍ വേറെന്തെങ്കിലും വേണോ. മോഹന്‍ലാലിനെ പിറന്നാള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ് സിനിമാ ലോകവും ആരാധക സമൂഹവും.

പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി കുറിച്ചത്. മലയാള സിനിമയുടെ തമ്പുരാന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ജയറാം ആശംസിച്ചത്. മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് മോഹന്‍ലാല്‍ ലാല്‍, ലാലു ഒക്കെയാവുമ്പോള്‍ യുവതാരങ്ങള്‍ക്ക് മോഹന്‍ലാല്‍ ലാലേട്ടനാണ്. പൃഥിരാജ് എല്‍ (L) എന്ന വാക്കിലൂടെ ലാലേട്ടനെ വിശേഷിപ്പിച്ചപ്പോള്‍ സംവിധായകനും ലാലിന്റെ ഉറ്റസുഹൃത്തുമായ പ്രിയദര്‍ശന് ലാലുവായിരുന്നു. പതിവുപോലെ മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന് അദ്ദേഹം മോഹന്‍ലാല്‍ സാറായിരുന്നു.

താരങ്ങളും സഹപ്രവര്‍ത്തകരും മാത്രമല്ല, ആശംസകളുമായി എത്തിയത്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ലാലേട്ടനുള്ള ആശംസയുടെ ഹാഷ്ടാഗുകളാണ് വൈറലായിരിക്കുന്നത്. എങ്ങനെ വ്യത്യസ്തമായി തങ്ങളുടെ ആരാധനാപാത്രത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷമാക്കാം എന്നായിരുന്നു ആരാധകരുടെ ചിന്ത.

അമ്പലത്തില്‍ വഴിപാട് കഴിച്ചും, പിറന്നാളിന്റെ പേരില്‍ സൗജന്യ യാത്ര ഒരുക്കിയും അന്നദാനം നടത്തിയുമൊക്കെയായിരുന്നു, ഫാന്‍സ് അസോസിയേഷന്‍കാരുടെ ആഘോഷങ്ങള്‍. എങ്കിലും എല്ലാവര്‍ക്കും നേരാന്‍ ഒന്നുമാത്രം, ഈ വിസ്മയത്തിന് ആയുസും ആരോഗ്യവും. ആശംസകളറിയിച്ച ആരാധകര്‍ക്ക് പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തിരിച്ചും ഒരു സമ്മാനം നല്‍കി. തന്റെ പുതിയ ചിത്രമായ നീരാളിയുടെ ട്രെയിലര്‍. ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗായി മുന്നേറുകയാണ് ട്രെയിലറിപ്പോള്‍.

Related posts