സിനിമയിൽ നിറഞ്ഞുനിൽക്കുന്ന പല താരങ്ങളും ഇന്ന് ടെലിവിഷൻ പരിപാടികളിലും സജീവമാണ്. റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന പരിപാടികളിലടക്കം ഇവരുടെ സാന്നിധ്യമുണ്ട്.ബിഗ് ബോസിന്റെ മലയാളം പതിപ്പ് അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
സൽമാൻ ഖാൻ അവതരിപ്പിച്ചിരുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയാണ് തമിഴിലും തെലുങ്കിലും ഈ പരിപാടി ആരംഭിച്ചത്. ഇതും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെയാണ് മലയാളത്തിലും പരിപാടി ആരംഭിക്കാനുള്ള നീക്കം തുടങ്ങിയത്.
ബിഗ് ബോസ് മലയാളം പതിപ്പ് അവതരിപ്പിക്കാൻ മെഗാസ്റ്റാർ എത്തുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. തുടക്കത്തിൽ തന്നെ അദ്ദേഹം അനുകൂല പ്രതികരണമല്ല നൽകിയതെന്ന തരത്തിലു റിപ്പോർട്ടുകളുണ്ടായിരുന്നു. ടെലിവിഷൻ ചാനലുകളിൽ അഭിമുഖങ്ങൾക്കായും മറ്റ് പരിപാടികൾക്കായും എത്താറുണ്ടെങ്കിലും അവതാരകനാവുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. മമ്മൂട്ടി അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ മറ്റ് താരങ്ങളെ സമീപിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
നടൻ മാത്രമല്ല നല്ലൊരു അവതാരകൻ കൂടിയാണ് താനെന്ന് നേരത്തെ തന്നെ സുരേഷ് ഗോപി തെളിയിച്ചിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കോടീശ്വരൻ എന്ന പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ അവതരണ ശൈലിയായിരുന്നു.
സിനിമയിൽ നിന്നും ഇടവേളയെടുത്ത് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. എംപി ജീവിതത്തിനിടയിൽ പരിപാടിയുടെ ചുമതല എങ്ങനെ ഏറ്റെടുക്കുമെന്ന ആശങ്കയായിരുന്നു അദ്ദേഹത്തെ അലട്ടിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയും താത്പര്യക്കുറവ് അറിയിച്ചപ്പോൾ പിന്നീട് അണിയറപ്രവർത്തകർ സമീപിച്ചത് മോഹൻലാലിനെയായിരുന്നു.
അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ലാൽസലാം എന്ന പരിപാടി വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മോഹൻലാൽ. ബിഗ് ബോസ് ഏറ്റെടുക്കാൻ താരം സമ്മതിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.
ഏഷ്യാനെറ്റാണ് ബിഗ് ബോസിന്റെ മലയാള പതിപ്പ് തയ്യാറാക്കുന്നത്. ജൂണ് അവസാന വാരം മുതൽ പരിപാടി സംപ്രേക്ഷണം ചെയ്ത് തുടങ്ങാനുള്ള നീക്കത്തിലാണ് അണിയറപ്രവർത്തകർ. 15 മത്സരാർത്ഥികളുമായി പരിപാടി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ബിഗ് സ്ക്രീനിലെയും മിനി സ്ക്രീനിലെയും താരങ്ങളെയും മത്സരത്തിൽ ഉൾപ്പെടുത്തുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.