എസ്. മഞ്ജുളാദേവി
എന്റെ ലാലുവിനും ഒരു എട്ടു വയസ് മതിയായിരുന്നു. എങ്കിൽ ഇതുപോലെ എന്റെ തൊട്ടടുത്ത് ഉണ്ടാകുമായിരുന്നു അല്ലേ ഏപ്പോഴും. വർഷങ്ങൾക്കു മുന്പ് എട്ടു വയസുള്ള കുട്ടിയെ ചൂണ്ടി ഇങ്ങനെ പറഞ്ഞത് സാക്ഷാൽ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയാണ്.
സ്നേഹവും വാത്സല്യവും തിങ്ങിവിങ്ങി നിറയുന്ന ആ അമ്മയുടെ മകനു മലയാളത്തിന്റെ മഹാതാരത്തിനു ഇന്നു അറുപതാം പിറന്നാൾ. 1960 മേയ് 21നാണ് മോഹൻലാലിന്റെ ജനനം. ഇടവ ത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ച മോഹൻലാലിന്റെ നക്ഷത്ര പ്രകാരമുള്ള പിറന്നാൾ ചൊവ്വാഴ്ചയായിരുന്നു.
അഭിനയിച്ചും കാമറയ്ക്കു മുന്നിൽ പലപ്പോഴും അഭിനയിക്കാതെയും വെള്ളിത്തിരയിലും അരങ്ങുകളിലും അത്ഭുതങ്ങൾ തീർക്കുന്ന നടനാണ് മോഹൻലാൽ. ആക്ടിംഗും അണ്ടർ ആക്ടിംഗും നടത്തി പ്രേക്ഷക ലക്ഷങ്ങളെ ശരിക്കുമങ്ങ് വിസ്മയിപ്പിക്കുന്ന നടൻ. മംഗലശേരി നീലകണ്ഠനായും ജഗനാഥനായും മുന്നിൽ വന്നു മീശപിരിക്കുന്പോൾ ആരും കൊതിക്കുന്ന പുരുഷനായി മാറും ഈ നടൻ.
ആടിത്തളർന്ന വാനപ്രസ്ഥത്തിലെ തീരെ ദുർബലനായ കഥകളി വേഷക്കാരനായും കാമുകനായും ചിലനേരം മാറുകയും ചെയ്യും. ഛായമുഖിയിലെ ഭീമനായി പരകായപ്രവേശം നടത്തുന്പോൾ അണ്ടർ ആക്ടിംഗിന്റെ വലിയ സാധ്യതകൾ അല്ലേ മലയാള ആസ്വാദകർ ആദ്യമായി അനുഭവിച്ചതും!
പക്ഷേയിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ബാലചന്ദ്രനായി വരുന്പോൾ ഒരു സിവിൽ സർവീസ് പ്രഗത്ഭന്റെ; ധർമസങ്കടത്തിൽപ്പെടുന്ന ഒരു ഭർത്താവിന്റെ വീർപ്പുമുട്ടൽ എങ്ങനെയെന്നു പ്രേക്ഷകർ അറിയുകയായിരുന്നു. ഏയ് ഓട്ടോയിൽ കൈലിമുണ്ടും തെറുത്തുകെട്ടി എത്തുന്പോൾ ദിവസവും നമ്മൾ കാണുന്ന തനി ഓട്ടോറിക്ഷ ഡ്രൈവറും.
പല അഭിമുഖങ്ങളിലും മോഹൻലാൽ തന്നെ പറയാറുള്ളതുപോലെ കാമറയ്ക്കു മുന്നിൽ നില്ക്കുന്പോഴാണ് ഇങ്ങനെ ഒരു അഭിനയം അല്ലെങ്കിൽ നടന ധൈര്യം മോഹൻലാലിനു വന്നു ചേരുന്നത്. നമുക്കു സങ്കല്പിക്കുവാൻ പോലും കഴിയാത്ത ആഴത്തിലേക്കും അനന്തതയിലേക്കും ഒരുവേള അഭിനയത്തിന്റെ അഗാധതയിലേക്കു മോഹൻലാൽ നടന്നു കയറുന്നതും.
അഭിനയിക്കുവാൻ ഒരുങ്ങുന്പോൾ നമുക്കു ഉപരിയായി ഒരു ശക്തിയോട്, ഈശ്വരനോട്, എന്നെ സഹായിക്കൂ എന്നു താൻ പ്രാർഥിക്കാറുണ്ടെന്നും മോഹൻലാൽ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ഹെൽപ് മീ എന്ന പ്രാർഥനയുടെ സാക്ഷാത്കാരം ഒരു പരിപൂർണതയായി ഈശ്വരൻ ഒരു നടനുമേൽ ചൊരിയുന്നുണ്ടെങ്കിൽ അത് മോഹൻലാൽ എന്ന നടന്റെ നെറുകയിൽ മാത്രമാണ് എന്നും കൂടി എഴുതി ചേർക്കണം.
ഏതൊരു അഭിനേതാവിനെയും പോലെ സ്വന്തം വൈകാരികതയും അനുഭവങ്ങളും മോഹൻലാലിന്റെ അഭിനയത്തികവിന്റെ പിന്നിലുമുണ്ട്. സ്വന്തം അമ്മയോടുള്ള അതിരു കടന്ന സ്നേഹവും വിധേയത്വവും ഇതിൽ ഒന്നാണ് ബാലേട്ടനിലെ അമ്മ മഴക്കാറിനു കണ്നിറഞ്ഞു…. പോലുള്ള ഗാനത്തിലെ വിങ്ങുന്ന മകൻ കഥാപാത്രത്തെ ഓർക്കുക
. പ്രായമായ പല അമ്മമാർക്കും മോഹൻലാൽ എന്ന നടൻ സ്വന്തം മകനായി മാറുന്നതിനു പിന്നിലെ സത്യവും ഇതാണ്. മോഹൻലാൽ എന്ന വ്യക്തി, കഥാപാത്രത്തിലേക്കു വെറുതെ ഒന്നു കയറിയാൽ മാത്രം മതി. അമ്മയെ നെഞ്ചോടടുക്കി പിടിക്കുന്ന മകന്റെ സ്ക്രീനിൽ തെളിയാൻ.
എന്നാൽ മോഹൻലാലുമായി വിദൂര ബന്ധം പോലുമില്ലാത്ത പരദേശിയിലെ എണ്പതുകാരൻ വലിയകത്ത് മൂസ, ഇരുവർ എന്ന തമിഴ് ചിത്രത്തിലെ രാഷ്ട്രീയ നേതാവ് ആനന്ദ് തുടങ്ങിയ കഥാപാത്രങ്ങൾ ഈ നടന്റെ അഭിനയ മാന്ത്രികതയുടെ വലിയ സാക്ഷ്യങ്ങളാണ്.
ഇരുവർ എന്ന മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ആനന്ദ് ആയി മാറിയുള്ള മോഹൻലാലിന്റെ അഭിനയം കണ്ട് കട്ട് പറയുവാൻ താൻ പലപ്പോഴും മറന്നു പോയി എന്നു മണിരത്നം തന്നെ പറയുന്നുണ്ട്.
നായകനായും പ്രതിനായകനായും മാറാനും കളി ചിരിയും നൃത്തവും പാട്ടുമായി ഒപ്പം കൂടാനും സെന്റിമെന്റ്സ് അതിഭംഗിയായി പകർത്തുവാനും കഴിവുള്ള നടന്മാർ ഇന്ത്യൻ സിനിമയിൽ തന്നെ ധാരാളമുണ്ട്. എങ്കിലും ഇത്രയധികം വൈവിധ്യമുള്ള റേഞ്ചുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വേറെ ഉണ്ടോ എന്നു സംശയമാണ്.
ജീവിതത്തെ എന്നും ആഘോഷമാക്കുന്ന പ്രതിഛായയ്ക്കു മേലേ പറക്കുവാനുള്ള ചങ്കൂറ്റം കാണിക്കുന്ന സത്യസന്ധത കാണിക്കുന്ന മോഹൻലാലിനു ഈ ഷഷ്ടിപൂർത്തി ദിനവും മറ്റൊരു ആഘോഷം തന്നെയാവും. തീർച്ച. സ്വന്തം മനസിന്റെ നിറംചാലിച്ച, ലാൽ ടച്ചുള്ള ഒരു സെലിബ്രേഷൻ!
അറുപതാം ജന്മദിനത്തിനും ലാലുവിനു വിഭവ സമൃദ്ധമായ സദ്യ വിളന്പാൻ അമ്മ ശാന്തകുമാരിക്കു കഴിയില്ല. ആരോഗ്യപരമായ കാരണങ്ങളാൽ എറണാകുളത്തെ വീട്ടിൽ വിശ്രമത്തിലാണ് അമ്മ. അമ്മ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും പ്രതികരിച്ചാലും ഇല്ലെങ്കിലും ലോകത്ത് എവിടെയായിരുന്നാലും അമ്മയെ ഫോണ് ചെയ്യുന്ന മകന്റെ ഷഷ്ടിപൂർത്തിയും അമ്മ അറിയുന്നുണ്ടാവും.
ആ മനസ് പതുക്കെ പറയുന്നുണ്ടാവും. ലാലു പഴയപോലെ എട്ടു വയസുള്ള ചെറിയ കുട്ടിയായിരുന്നെങ്കിൽ.