തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി 1989ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. കഥാപാത്രങ്ങളെ പോലെതന്നെ ചിത്രത്തിൽ ശ്രദ്ധേയമായ ഒന്നാണ് ‘കിരീടം പാലം’.
ഇപ്പോഴിതാ കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഇന്ന് 64ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ സമ്മാനമാണെന്ന് പറഞ്ഞാണ് കിരീടം പാലത്തെ കുറിച്ചും അത് വിനോദ സഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായും പറഞ്ഞ് മന്ത്രി പോസ്റ്റ് പങ്കുവച്ചത്. ഒപ്പം കിരീടം പാലത്തിന്റേയും മോഹൻലാലിന്റേയും ഫോട്ടോ അദ്ദേഹം പങ്കുവച്ചു.
‘സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന പാട്ടിലെ രംഗങ്ങൾക്കുമെല്ലാം സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം..
‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു. മലയാളികളുടെ മനസിൽ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും.
നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ് പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്.
കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.