മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുത്തോ? ലാലിന്റെ ഒടിയന്‍ ലുക്കിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതിങ്ങനെ; ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എന്തെന്നറിയാം

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ മലയാളികള്‍ മുഴുവനും ചര്‍ച്ച ചെയ്യുന്നത് നടന്‍ മോഹന്‍ലാലിന്റെ പുതിയ ലുക്കിനെക്കുറിച്ചാണ്. തടി കുറച്ചതോടെ ലാലേട്ടന്‍ സുന്ദരനായെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അങ്ങനെയല്ല അറുബോറായെന്നും വിരൂപനായെന്നുമൊക്കെയാണ് ചിലര്‍ പറയുന്നത്. വയറില്‍ ബെല്‍റ്റ് ഇട്ടതുകൊണ്ട് ശ്വാസം വിടാതെയായിരുന്നു ഒടിയന്‍ ലുക്കില്‍ ലാലേട്ടന്റെ നില്‍പ്പെന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതിനിടയിലേക്കാണ് ആളുകളെ ഞെട്ടിച്ചുകൊണ്ട് പുത്തന്‍ സാങ്കേതികവിദ്യയില്‍ ശരീരത്തില്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ കുത്തിവച്ചതാണ് ശരീരഭാരം കുറയാന്‍ കാരണമായതെന്ന പ്രചരണങ്ങളെത്തിയത്. ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാരെപ്പറ്റിയും ആളുകള്‍ ഇങ്ങനെ പറയാറുണ്ട്. എന്നാല്‍ പ്രചരണങ്ങള്‍ കൊഴുക്കുമ്പോള്‍ ബോട്ടോക്‌സ് കുത്തിവയ്പ്പ് എന്താണെന്നുപോലുമറിയില്ല അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുപോലും.

ക്‌ളോസ്ട്രീഡിയം ബോട്ടുലിനം (Clostridium Botlinum) എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു വിഷവസ്തു (Toxin) ആണ് ബോട്ടുലിനം ടോക്‌സിന്‍. മനുഷ്യന് അറിവുള്ളതില്‍ വെച്ചേറ്റവും അപകടകരമായ ഒരു പോയിസണ്‍. ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. പലതരം രോഗങ്ങള്‍ക്കുള്ള പരിഹാരമായി ഇപ്പോള്‍ ബോട്ടുലിനം ടോക്‌സിനെ ഉപയോഗിക്കാറുണ്ടെന്നതാണ് അത്ഭുതകരമായ കാര്യം. ഇത് കൂടാതെ മുഖത്തെ ചുളിവുകള്‍ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകള്‍ ഇത് ചെയ്യാറുണ്ട്.

പ്രായം ചെല്ലുന്തോറും നമ്മുടെ മുഖത്തുള്ള മാംസപേശികളുടെ മുകളിലുള്ള ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നതു മൂലം ഈ പേശികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നു. ബോട്ടുലിനം ടോക്‌സിന്‍ ഈ പേശികളില്‍ കുത്തിവെച്ചാല്‍ അവ പ്രവര്‍ത്തിക്കാതാകുന്നത് മൂലം ചുളിവുകള്‍ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകള്‍ സ്ഥായിയായ ഫലം നല്‍കുന്നില്ല, കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്പോള്‍, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്‌സ്പ്രഷനും വരാത്ത സ്ഥിതിയാവും. വളരെയേറെ പണച്ചിലവുമുണ്ടിതിന്. എന്തൊക്കെയാണെങ്കിലും മോഹന്‍ലാലിന്റെ പുതിയ രൂപം വന്നതോടുകൂടി ബോട്ടോക്‌സ് കുത്തിവയ്പ്പ് കുറച്ചുകൂടി പ്രശസ്തി നേടിയെന്ന് സാരം.

 

 

 

Related posts