കൊച്ചി: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഭാവപ്പകർച്ചകൾ നിറഞ്ഞ കാൻവാസുകൾ. രൗദ്രവും ശാന്തവും പൗരുഷവുമൊക്കെ നിറഞ്ഞതാണ് അവയിലൊരോന്നും.
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയുടെ ഉൾച്ചുവരുകളിൽ മോഹൻലാൽ ചിത്രങ്ങളുടെ കാൻവാസൊരുക്കിയിരിക്കുകയാണു ചിത്രകാരനായ തൃശൂർ സ്വദേശി ഡോ. നിഖിൽ വർണ. തുടക്കം മുതൽ ഒടുക്കംവരെ ഒന്നു കണ്ണോടിച്ചാൽ കാണാം മോഹൻലാലിന്റെ സിനിമാ ജീവിതകഥകൾ.
മോഹൻലാൽ അനശ്വരമാക്കിയ 333 ചിത്രങ്ങളിലെ വ്യത്യസ്ത മുഖഭാവങ്ങളാണ് അതിഭാവുകത്വങ്ങളില്ലാതെ നിഖിൽ കാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ ഗൂർഖ രാംസിംഗും നാടോടിക്കാറ്റിലെ അറബി വേഷവും ലൂസിഫറിലെ സ്റ്റീഫൻ നെടുന്പുള്ളിയുമൊക്കെ ഒന്നിനൊന്ന് മികച്ചുനിൽക്കുന്നു.
നൂൽചാക്ക് കാൻവാസാക്കിയും മൈലാഞ്ചിയില അരച്ച് മഷിയാക്കിയും മുളങ്കന്പുകൾ ഫ്രെയിമാക്കിയുമാണ് ഓരോ ചിത്രങ്ങളും. മൂന്നു മാസം നീണ്ട പരിശ്രമത്തിലൊടുവിലാണ് ഓരോ ചിത്രങ്ങളും പിറവിയെടുത്തതെന്നു നിഖിൽ പറയുന്നു.
അവിചാരിതമായാണെങ്കിലും മോഹൻലാലിന്റെ 59-ാം പിറന്നാൾദിനമായ ഇന്നലെതന്നെ ചിത്രപ്രദർശനം തുടങ്ങാനായതിലെ സന്തോഷവും നിഖിൽ പ്രകടിപ്പിക്കുന്നു. തൃശൂർ കാനാട്ടുകര സ്വദേശിയായ നിഖിൽ കോസ് റ്റ്യൂം ഡിസൈനറാണ്. ജോലിക്കിടയിലുള്ള ഒഴിവു സമയങ്ങളിലും രാത്രികാലങ്ങളിലുമാണ് ചിത്രങ്ങൾ വരച്ചത്.
പ്രദർശനത്തിലൂടെ ലഭിക്കുന്ന വരുമാനം വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്ന കുരുന്നുകളുടെ ക്ഷേമത്തിന് ഉപയോഗപ്പെടുത്താനാണ് നിഖിൽ ഉദ്ദേശിക്കുന്നത്. ഭാവപ്പകർച്ചകൾ കാൻവാസിലേക്ക് വരച്ചിടുന്പോൾ നിഖിൽ പരിഗണിക്കുന്നത് വെറും കാഴ്ച്ചക്കാരെ മാത്രമല്ല. കാഴ്ചയില്ലാതെ ഇരുളടഞ്ഞുപോയവർക്ക് കൂടി വേണ്ടിയാണത്. കാഴ്ചയില്ലാത്തവർക്ക് സ്പർശനത്തിലൂടെ മനസിലാക്കാൻ കഴിയുമെന്നതാണ് ഈ മൈലാഞ്ചി ചിത്രങ്ങളുടെ പ്രത്യേകത. ഈ മാസം 25 വരെയാണ് പ്രദർശനം .