ആനക്കൊമ്പ് പുലിവാലാകുമോ ? ആനക്കൊമ്പ് കേസില്‍ വിധി നാലിന്; റിപ്പോര്‍ട്ടില്‍ മോഹന്‍ലാലിനെ രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന്‍

 ട്വിറ്ററില്‍ മോഹന്‍ലാലിന് പിന്നാലെ 10 ലക്ഷം ആളുകള്‍മൂവാറ്റുപുഴ: നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സ്വകാര്യ വ്യക്തി സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ അന്വേഷണം ആവശ്യമാണോയെന്ന കാര്യത്തില്‍ അടുത്ത മാസം നാലിനു വിധി പറയും. മുന്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയും മോഹന്‍ലാലിനെ ഏഴാം പ്രതിയാക്കിയും ഏലൂര്‍ സ്വദേശി എ.എ. പൗലോസാണു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മുന്‍ വനം സെക്രട്ടറി മാരപാണ്ഡ്യന്‍, മലയാറ്റൂര്‍ റേഞ്ച് ഡിഎഫ്ഒ ഫണീന്ദ്രകുമാര്‍, കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഐ.പി.സനല്‍, എഡിജിപി കെ.പത്മകുമാര്‍, അന്നത്തെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, ചെന്നൈയില്‍ താമസക്കാരനായ നളിനി രാമകൃഷ്ണന്‍ എന്നിവരെയും പ്രതി ചേര്‍ത്താണു ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ ആദായനികുതി വകുപ്പധികൃതര്‍ നടത്തിയ പരിശോധനയിലാണു നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. പരിശോധനാ സമയം ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ നിയമപ്രകാരം ആവശ്യമായ ലൈസന്‍സ് ഇല്ലാതിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നു കേസ് സംബന്ധിച്ചു സ്വകാര്യവ്യക്തി 2013 മാര്‍ച്ച് 16നു സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ പരാതി അന്വേഷണത്തിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബിജോ അലക്‌സാണ്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നാണ് ആനക്കൊമ്പുകള്‍ പിടികൂടിയതെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ പോലീസും വനം വകുപ്പധികൃതരും കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയില്ലെന്നും എല്ലാ അന്വേഷണങ്ങളും മോഹന്‍ലാലിനെ രക്ഷപ്പെടുത്താനുള്ള പഴുതുകളാണു സൃഷ്ടിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അഴിമതിനിരോധന നിയമവും ക്രിമിനല്‍ നടപടി നിയമവും അനുസരിച്ചു മുഴുവന്‍ പ്രതികള്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നാണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Related posts