കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷിക്കാനായി ആദായ നികുതി വകുപ്പ് സൂപ്പർതാരം മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തി.
താരത്തിന്റെ കൊച്ചി കുണ്ടന്നൂരിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. നാല് മണിക്കൂറോളം നടപടികൾ നീണ്ടു.
2022 ഡിസംബറിൽ മലയാള സിനിമയിലെ പ്രധാനപ്പെട്ട നിർമാണ കമ്പനികളുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിന്റെ തുടരന്വേഷണത്തിന്റ ഭാഗമായിയാണ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.
ഈ റെയ്ഡിൽ ആശീർവാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂരിന്റെ ഓഫീസും അധികൃതർ പരിശോധിച്ചിരുന്നു.
മലയാള ചിത്രങ്ങളുടെ വിദേശരാജ്യങ്ങളിലെ വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സിനിമാ നിർമാണത്തിലെ ലാഭം പങ്കിടലുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.