എം.സുരേഷ്ബാബു
തിരുവനന്തപുരം: പരസ്യ വിവാദത്തിൽ നടൻ മോഹൻലാലിനോട് മാപ്പു പറയില്ലെന്നാവർത്തിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർപേഴ്സണ്‍ ശോഭന ജോർജ്. മാപ്പ് പറയേണ്ട ഒരു തെറ്റും ഖാദി ബോർഡ് മോഹൻലാലിനോട് ചെയ്തിട്ടില്ലെന്നും ശോഭന ജോർജ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇന്ന് രാവിലെയാണ് ശോഭനാ ജോർജ് തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്.
മോഹൻലാലിനോട് ഖാദി ബോർഡ് നേരത്തെ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടത് സ്വകാര്യ ടെക്സ്റ്റൈൽസിന്റെ പരസ്യത്തിലുള്ള ഖാദിയുടെ എംബ്ലവും ചർക്കയും രഘുപതി രാഘവ രാജാറാം എന്ന ഗാനവും പിൻവലിക്കണമെന്നായിരുന്നു. അത് പരസ്യകന്പനിയും സ്ഥാപനവും പിൻവലിച്ചിരുന്നു. കേണൽ പദവി, പത്മഭൂഷണ്‍ പദവി ഉൾപ്പെടെ അലങ്കരിക്കുന്ന മോഹൻലാലിനെ പോലുള്ള ഒരു വ്യക്തി ഖാദി ബോർഡിനെ പോലുള്ള സ്ഥാപനങ്ങൾക്ക് വേണ്ട പിന്തുണയും ആശീർവാദവുമാണ് നൽകേണ്ടിയിരുന്നതെന്നും ശോഭന ജോർജ് പറഞ്ഞു.
ഖാദിബോർഡ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മോഹൻലാൽ ആവശ്യപ്പെട്ട മാനനഷ്ട തുകയായ 50 കോടി രൂപ നൽകാനുള്ള ശേഷി ഖാദി ബോർഡിനില്ലെന്നും ശോഭന ജോർജ് പറഞ്ഞു. 16000 ത്തോളം വരുന്ന ജീവനക്കാർ ഉപജീവനം തേടുന്ന മേഖലയാണ് ഖാദി ബോർഡ്. പരോക്ഷമായി സ്ത്രീകൾ ഉൾപ്പെടെ 25000 ൽപരം പേർ ഖാദി ബോർഡിനെ ആശ്രയിച്ച് ജീവിതം കഴിച്ചു കൂട്ടുന്നുണ്ട്.
മോഹൻലാലിന്റെ വക്കീൽ നോട്ടീസിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. കോടതിയെ അദ്ദേഹം സമീപിക്കുകയാണെങ്കിൽ ഖാദി ബോർഡ് ആ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ശോഭന ജോർജ് വ്യക്തമാക്കി. മോഹൻലാലിനെ പോലുള്ള വ്യക്തിയിൽ നിന്നും ഇത്തരത്തിൽ ഒരു നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ശോഭന ജോർജ് വ്യക്തമാക്കി.
ഖാദി ബോർഡിന്റെ നിലനിൽപ്പിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും ശോഭന ജോർജ് അഭ്യർത്ഥിച്ചു. യാഥാർത്ഥ്യം മനസ്സിലാക്കി മോഹൻലാൽ ഖാദി ബോർഡിനെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയാണ് ശോഭന ജോർജ് പങ്കു വയ്ക്കുന്നത്.
ഒരു സ്വകാര്യ ടെക്സ്റ്റൈൽസിന്റെ പരസ്യത്തിൽ ഏതാനും മാസം മുൻപ് നടൻ മോഹൻലാൽ അഭിനയിച്ചിരുന്നു. ചർക്കയും രഘുപതി രാഘവ രാജാറാം എന്ന ഗാനവും പരസ്യചിത്രത്തിൽ ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ട ഖാദി ബോർഡ് വൈസ് ചെയർപേഴ്സണ്‍ ശോഭന ജോർജിന്റെ നിർദേശാനുസരണം ബോർഡ് മോഹൻലാലിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ഖാദിയുമായോ ചര്‍ക്കയുമായോ ബന്ധമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ നോട്ടീസയച്ചത്. ഇത് ഏറെ ചർച്ചയായിരുന്നു. മോഹൻലാലിനെതിരെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നിരുന്നു.
ഇതേ തുടർന്നാണ് തന്റെ പേര് അനാവശ്യ വിവാദങ്ങളിൽ വലിച്ചിഴച്ച് മാനഹാനി വരുത്തിയെന്നാരോപിച്ച് നടൻ മോഹൻലാൽ ഖാദി ബോർഡിനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. പതിനാല് ദിവസത്തിനകം പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.