കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ’യിൽ ഉടലെടുത്ത ആഭ്യന്തര കലാപം തണുപ്പിക്കാൻ നടപടികളുമായി സംഘടനാ പ്രസിഡന്റ് മോഹൻലാൽ. സംഘടനയ്ക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ ഒറ്റക്കെട്ടായാണു കൈക്കൊണ്ടതെന്നും മോഹൻലാൽ അറിയിച്ചു.
ഇപ്പോൾ ഷൂട്ടിംഗിനായി ലണ്ടനിലുള്ള മോഹൻലാൽ, മാധ്യമങ്ങൾക്ക് അയച്ചുനൽകിയ വിശദീകരണകുറിപ്പിലാണ് ഈ പരാമർശങ്ങളുള്ളത്. സംഘടനയിൽനിന്നു രാജിവച്ച നടിമാരുടെ വികാരം പരിശോധിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി.
അമ്മയ്ക്കു നിക്ഷിപ്ത താത്പര്യങ്ങളില്ല. സംഘടനയ്ക്കെതിരായ ആരോപണങ്ങൾ പരിശോധിക്കും. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അമ്മ ഒറ്റക്കെട്ടായാണു കൈക്കൊണ്ടത്. ഇതിൽ വിമത ശബ്ദങ്ങളുണ്ടായില്ല. ആക്രമണത്തിനിരയായ ആ സഹോദരിക്കൊപ്പമാണ് അമ്മ അന്നും ഇന്നും. ദിലീപിനെ തിരിച്ചെടുത്ത പശ്ചാത്തലത്തിൽ നടിമാർ ഉയർത്തിയ വിമർശനങ്ങൾ പരിശോധിക്കും.
തിരുത്തലുകൾക്കു സംഘടന തയാറാണ്. അമ്മയെ തകർക്കാൻ ഗൂഢലക്ഷ്യങ്ങളുള്ളവരെ അവഗണിക്കും- മോഹൻലാലിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ദിലീപിനെ സംഘടനയിലേക്കു തിരിച്ചെടുത്ത വിവരം അദ്ദേഹത്തെ ഇതേവരെ അറിയിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിനൊടുവിൽ മോഹൻലാൽ കൂട്ടിച്ചേർക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇതാദ്യമായാണു മോഹൻലാൽ പ്രതികരിക്കുന്നത്. വിഷയത്തിൽ പ്രതിഷേധിച്ച് നാലു നടിമാർ രാജിവച്ചപ്പോഴും മൂന്നു നടിമാർ സംഘടനയ്ക്കു കത്തയച്ചപ്പോഴും മോഹൻലാൽ മൗനത്തിലായിരുന്നു.
എന്നാൽ നടിമാർക്കും വനിതാ അഭിനേതാക്കളുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവിനും പിന്തുണയുമായി കൂടുതൽ പേർ രംഗത്തെത്തിയതോടെയാണ് മോഹൻലാൽ പ്രതികരണത്തിനും ചർച്ചയ്ക്കു സാധ്യതയൊരുക്കുന്നതിനും തയാറായത്. നടൻ പൃഥ്വിരാജ്, പി.ബാലചന്ദ്രൻ എന്നിവർ നടിമാർക്കു തുറന്ന പിന്തുണ അറിയിച്ചിരുന്നു.
മോഹൻലാലിന്റെ നേതൃത്വത്തിനെതിരെ നടിമാരായ പാർവതി, പത്മപ്രിയ എന്നിവരും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു രംഗത്തെത്തി. “അമ്മ’യുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ വിദേശത്താണെന്ന കാരണത്താൽ നോമിനേഷനിൽനിന്ന് ഒഴിവാക്കിയെന്നുമാണ് പാർവതിയും പത്മപ്രിയയും ആരോപിച്ചത്.
ദിലീപിന്റെ തിരിച്ചെടുക്കൽ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാർവതി, പത്മപ്രിയ, രേവതി എന്നിവർ അമ്മ ഭാരവാഹികൾക്കു കത്തു നൽകിയിട്ടുണ്ട്.