എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാലു നടിമാർ രാജിവച്ചതിനെക്കുറിച്ച് തത്കാലം പ്രതികരിക്കാനില്ലെന്ന് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. തമിഴ നടൻ സൂര്യ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനായി ലാൽ നാളെ ലണ്ടനിലേയ്്ക്ക് പോകും.
അടുത്ത മാസം 10 നെ തിരിച്ചത്തുകയുള്ളു. അതിനു ശേഷം ആവശ്യമെങ്കിൽ മാത്രം ഇപ്പോഴത്തെ വിവാദങ്ങളോട് പ്രതികരിക്കാനുള്ളു. അതുവരെ തത്കാലം ഒന്നു പറയാനില്ലെന്ന് ഇതേക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ രാഷ്ട്രദീപികയോട് അറിയിച്ചു.
നടൻ ദീലിപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒൗദ്യോഗിക പ്രതികരണം വേണ്ടെന്ന നിലപാടിലാണ് അമ്മയുടെ നേതൃത്വം എടുത്തിരിക്കുന്ന തീരുമാനം. മോഹൻലാൽ ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം തുടർ നടപടികളെക്കുറിച്ച് ആലോചിക്കും.
അതുവരെ അമ്മ ഭാരവാഹികളോട് മൗനം പാലിക്കാനാണ് അനൗദ്യോഗികമായി നൽകിയിരിക്കുന്ന നിർദ്ദേശം. സംഘടനയിലേയ്ക്ക് തിരിച്ചെടുത്തെങ്കിലും തത്കാലം അമ്മയിലെ യോഗങ്ങളിലേയ്ക്കോ താരസംഘടനയുമായി ബന്ധപ്പെട്ട ഷോകളിലോ പങ്കെടുക്കില്ല.
നടിമാർ രാജിവച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോടതിയുടെ വിലക്കുള്ളതിനാൽ പരസ്യപ്രതികരണത്തിനില്ലെന്നും ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ദിലീപിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ദിലീപിന് പൂർണ പിന്തുണയെന്ന് തിയേറ്റർ സംഘടനയായ ഫ്യുയോക്കിന്റെ പ്രസിഡന്റ് ആന്റണി പെരുന്പാവൂർ രാഷ്ട്രദീപികയോട് പറഞ്ഞു.
ദിലീപിനെ അറസ്റ്റു ചെയ്തപ്പോൾ സംഘടനയിൽ നിന്ന് സസ്പെന്റു ചെയ്യുകയും ജാമ്യം ലഭിച്ചു പുറത്തു വന്നപ്പോൾ തിരികെ പ്രസിഡന്റ് സ്ഥാനം തിരികെ നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. അമ്മയിൽ ദിലീപ് സജീവമാകുമോ എന്നകാര്യത്തിൽ ഈ അവസരത്തിൽ പറയാനാകില്ല.
കോടിയിൽ നിന്ന് കുറ്റവിമുക്തനായ ശേഷം മാത്രമെ അദ്ദേഹം സംഘടനയുമായി സഹകരിക്കുകയുള്ളുവെന്നാണ് താൻ മനസിലാക്കുന്നത്. രാജിവച്ച നടിമാർ ചെയ്യേണ്ടിയിരുന്നത് അമ്മയുടെ ജനറൽ ബോഡിയിൽ വന്ന് ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് പറയണമായിരുന്നു.
അതുണ്ടായിരുന്നുവെങ്കിൽ ഇക്കാര്യത്തിൽ കുറച്ചു കൂടി വ്യക്ത ഉണ്ടാകുമായിരുന്നു. ഇപ്പോഴുള്ള വിവാദങ്ങൾ അമ്മയുടെ ഭാരവാഹികൾ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും ആന്റണി പെരുന്പാവൂർ രാഷ്ട്രദീപികയോട് പറഞ്ഞു.