കൊച്ചി: മോഹൻലാലിനെതിരായ ആനക്കൊന്പ് കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്നു സർക്കാരിനോടു ഹൈക്കോടതി. കേസ് രജിസ്റ്റർ ചെയ്ത് ഏഴു വർഷം കഴിഞ്ഞിട്ടും തീർപ്പാക്കാത്തതിലാണു കോടതി ചോദ്യമുന്നയിച്ചത്.
ആനക്കൊന്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകിയതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സർക്കാരിനു നിയമാനുസൃതം പ്രവർത്തിക്കാൻ ബാധ്യത ഉണ്ടെന്നും കേസ് തീർപ്പാക്കും മുൻപ് ഉടമസ്ഥാവകാശം നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് നടക്കുന്ന മജിസ്ട്രേറ്റ് കോടതിയിൽനിന്നു ഹൈക്കോടതി കേസിന്റെ റിപ്പോർട്ട് വിളിപ്പിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്കു നൽകിയിരിക്കുന്ന നിർദേശം. കേസ് ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.
മോഹൻലാലിന് ആനക്കൊന്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്.
2012 ജൂണിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലായിരുന്നു മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീടായ വിസ്മയയിൽനിന്നു രണ്ട് ജോഡി ആനക്കൊന്പുകൾ കണ്ടെടുത്തത്. ഇതു വനംവകുപ്പിനു കൈമാറി. കോടനാട് ഫോറസ്റ്റ് അധികൃതരാണു സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് കേസ് റദ്ദാക്കി.
ആനക്കൊന്പുകൾ മോഹൻലാലിനു തന്നെ സൂക്ഷിക്കാൻ നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ വനം മന്ത്രിയായിരുന്ന ഘട്ടത്തിൽ മോഹൻലാൽ നൽകിയ അപക്ഷയെത്തുടർന്ന് പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരമാണ് ആനക്കൊന്പ് മോഹൻലാലിനു കൈമാറിയത്. ഇതിനായി നിയമത്തിൽ മാറ്റം വരുത്തുകയും ചെയ്തു.