കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റത്തോഡ് തുടങ്ങിവെച്ച, പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഏറ്റെടുത്ത ഫിറ്റ് ഇന്ത്യ ചലഞ്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. ആരോഗ്യമുള്ള രാജ്യം ലക്ഷ്യമിട്ട്, റത്തോഡ് തുടക്കമിട്ട ഈ ചലഞ്ച് ഏറ്റെടുത്തവരില്‍ സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാമുണ്ട്. ഫിറ്റ് ഇന്ത്യ ചലഞ്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വെല്ലുവിളി ഏറ്റെടുത്തവരെല്ലാം തങ്ങളുടെ വര്‍ക്കൗട്ടിന്റെ വീഡിയോ പുറത്തു വിടുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതോടെയാണ് ചലഞ്ച് പെട്ടെന്ന് ശ്രദ്ധ നേടിയത്. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും ചലഞ്ചിന്റെ ഭാഗമായിരിക്കുകയാണ്. ഡംബല്‍ കയ്യിലേന്തി ജിമ്മില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രം വൈറലായിരിക്കുകയാണ്. വണ്ണം കുറഞ്ഞ് ശരിക്കും മെലിഞ്ഞു എന്ന് വ്യക്തമാകുന്നതാണ് ചിത്രം. റത്തോഡ് തന്നെയാണ് മോഹന്‍ലാലിനെ ചലഞ്ച് ചെയ്തതും.
തന്റെ വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം 3 യുവ താരങ്ങളെയാണ് അദ്ദേഹം ചലഞ്ച് ചെയ്തത്. സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരാണത്. യുവതാരം അല്ലു സിരീഷ് ചലഞ്ചിന്റെ ഭാഗമായി ചേട്ടന്‍ അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍, നാഗചൈതന്യ എന്നിവരെയും ചലഞ്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ചലഞ്ച് ഏറ്റെടുക്കുമെന്നാണ് സിനിമാലോകത്തുനിന്ന് മനസിലാവുന്നത്.