താരസംഘടനയായ അമ്മയില്‍ പെട്ടൊന്നൊരു നേതൃമാറ്റമുണ്ടായപ്പോള് എല്ലാവര്ക്കും ഉണ്ടായ ചില സംശയങ്ങളുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിനുശേഷം രൂപംകൊണ്ട ഡബ്ലുസിസി എന്ന സംഘടനയുമൊക്കെയാണോ പുതിയ തീരുമാനത്തിന് കാരണമായതെന്നതാണ് അതില്‍ പ്രധാനം. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോ അമ്മയിലുണ്ടായ ഈ നേതൃമാറ്റത്തിന് കാരണമെന്ന, ടൈംസ് ഓഫ് ഇന്ത്യ പ്രതിനിധിയുടെ ചോദ്യത്തിന് മോഹന്‍ലാല്‍ നല്കിയ മറുപടിയിങ്ങനെ..
അതൊക്കെ മാധ്യമ സൃഷ്ടിയാണ്. ഗുരുതരമായ ഒന്നുമില്ല. നയ നിര്‍മ്മാണം ഞങ്ങളുടെ ഉത്തരവാദിത്വമല്ല, സിനിമമേഖലയിലുള്ളവരുടെ ക്ഷേമകാര്യങ്ങളാണ് ഞങ്ങളുടെ പ്രവര്‍ത്തന മേഖല. അമ്മയിലെ പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്. ഡബ്ലു.സി.സി രൂപീകരണത്തില്‍ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല. ഡബ്ലു.സി.സി (വിമന്‍ ഇന്‍ സിനിമ കളക്ടീവ്) യുടെ രൂപീകരണത്തില്‍ വലിയ കുഴപ്പമുണ്ടെന്ന് കരുതുന്നില്ല.
അവരൊരു സംഘടന തുടങ്ങി അത്രയെയുള്ളൂ. നിര്‍മ്മാതാക്കളുടെത്, വിതരണക്കാരുടെത് തുടങ്ങി നിരവധി സംഘടനകളുണ്ട്. ഡബ്ലു.സി.സിയിലുള്ളവര്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയാണ്. അമ്മയും അവരും തമ്മില്‍ യാതൊരു കലഹവുമില്ല. ഇനി അവര്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ അവര്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്യട്ടെ. ഈ സംഘടനയിലുള്ളൊരു സൗഹൃദ സംഘടനയായാണ് ഡബ്ലു.സി.സിയെ കാണുന്നത്.