ബാഗ്ലൂര്‍: നടന്‍ മോഹന്‍ലാലിന് ബംഗളുരു അപ്പോളോ ആശുപത്രിയില്‍. പതിവ് ഹൃദയ പരിശോധനകള്‍ക്കായാണ് താരം ആശുപത്രിയില്‍ എത്തിയതെന്നാണ് വിവരം. വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ‘ട്രെഡ്മില്‍ ടെസ്റ്റിനാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ബംഗളൂരുവിലെ പ്രസിദ്ധ ആശുപത്രിയായ അപ്പോളോയില്‍ എത്തിയത്. താരപ്പകിട്ടില്ലാതെ സാധാരണക്കാരില്‍ ഒരുവനായി താരം ഒപിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒടിയന്‍ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ മോഹന്‍ലാലിലെ നെഞ്ചിടിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. അതേസമയം മോഹന്‍ലാലിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇന്നലെ രാവിലെയാണ് മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ട്രെഡ്മില്‍ ടെസ്റ്റിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഹൃദയധമനികളില്‍ ബ്ലോക്കുണ്ടെങ്കില്‍ സാധാരണ ഇസിജിയില്‍ കാണണമെന്നില്ല. എന്നാല്‍ ട്രെഡ്മില്‍ ടെസ്റ്റില്‍ ഭൂരിഭാഗം ബ്‌ളോക്കുകളെപ്പറ്റിയും അറിയാനാകും. ഇതിനായി ആശുപത്രിയിലെ പ്ലാറ്റിനം സ്യൂട്ടിലുള്ള വിഐപി വാര്‍ഡിലാണ് ലാലിനെ പ്രവേശിപ്പിച്ചത്. ട്രെഡ്മില്‍ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും തുടര്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.
ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. അതിനാല്‍ ലാലിനെ ആന്‍ജിയോട്രാം ടെസ്റ്റിന് വിധേയനാക്കിയോ എന്ന് അറിവായിട്ടില്ല. പേര് സൂചിപ്പിക്കുന്നതു പോലെ വ്യായാമത്തിനു പ്രാധാന്യം നല്‍കുന്നതാണ് ട്രെഡ്മില്‍ ടെസ്റ്റ്. രോഗിയെ വ്യായാമം ചെയിച്ച ശേഷം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫഌറ്റ്‌ഫോമിലൂടെ നടത്തി ഇ.സി.ജി. പരിശോധിക്കും. ആദ്യം സാവധാനത്തിലും പിന്നീട് വേഗത്തിലും പഌറ്റ്‌ഫോം ചലിപ്പിക്കുന്നു. ട്രെഡ്മില്‍ ടെസ്റ്റിന് പത്തു മിനിട്ട് സമയമെടുക്കും. അധിക സമയം പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയത്തിന്റെ മാറ്റങ്ങള്‍ അറിയാന്‍ കഴിയും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനതത്വം. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്‌ളോക്കുണ്ടെന്ന സൂചന ലഭിച്ചാലാണ് ആന്‍ജിയോഗ്രാം പരിശോധനയ്ക്കും തുടര്‍ ചികിത്സകള്‍ക്കും നിര്‍ദ്ദേശിക്കുക.
നിരന്തരം വ്യായാമം ചെയ്യുകയും ആരോഗ്യത്തിനായി ആയുര്‍വേദ ചികിത്സകള്‍ മുടങ്ങാതെ ചെയ്യുകയും ചെയ്യുന്ന താരമാണ് ലാല്‍. ചിത്രങ്ങളില്‍ ആയാസമുള്ള രംഗങ്ങള്‍ ഡ്യൂപ്പിനെ വയ്ക്കാതെ ചിത്രീകരിക്കാറുമുണ്ട്. ഇതിനിടെയാണ് താരം ആശുപത്രിയില്‍ ആരോഗ്യനില പരിശോധിക്കാന്‍ എത്തിയത് സൂപ്പര്‍താരത്തിന്റെ മലയാളത്തിലെ പുതിയ ചിത്രമായ വില്ലന്‍ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ഒടിയനു വേണ്ടി മോഹന്‍ലാല്‍ തടി ഏറെ കുറച്ചിരുന്നു. ആഹാരത്തിലും കാര്യമായ നിയന്ത്രണം വരുത്തിയിരുന്നു. വിശ്രമമില്ലാതെയുള്ള ഷൂട്ടിംഗും മോഹന്‍ലാലിനെ വലയ്ക്കുന്നുണ്ട്. ഇന്നലെ രാവിലെ എത്തിയ മെഗാ സ്റ്റാര്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ആശുപത്രി വിട്ടത്. ആരാധക വൃന്ദങ്ങളില്ലാതെയും താര പരിവേഷമില്ലാതെയും സാധാരണക്കാരനായി ലാല്‍ ഒപിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത് .