മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് കിരീടം. സേതുമാധവനായി ജീവിച്ച ലാലേട്ടന്റെ പ്രകടനം പലപ്പോഴും കാഴ്ച്ചക്കാരുടെ കണ്ണുനിറച്ചു. പ്രേക്ഷകരുടെ മാത്രമല്ല സംവിധായകനായ സിബി മലയിലിനെപ്പോലും കണ്ണീരണിയിക്കാന്‍ ലാലിനായി. അത്തരം രണ്ട് അനുഭവങ്ങള്‍ തുറന്നുപറയുകയാണ് സിബി.
കിരീടത്തിന്റെ ക്ലൈമാക്‌സില്‍ സേതുമാധവന്‍ തൂണില്‍ ചാരിയിരിയ്ക്കുന്ന രംഗമുണ്ട്. വില്ലനെ കൊല്ലാന്‍ തീരുമാനിയ്ക്കുന്ന ഭാഗമാണ്. സ്വന്തം ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലാണയാള്‍. ആ രംഗം ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് ലാല്‍ പറഞ്ഞു, എനിക്കൊന്ന് ചവയ്ക്കണം. ഭ്രാന്തമായ നിമിഷങ്ങളില്‍ ആളുകളില്‍ വന്നുപോകുന്ന ഒന്നാണിത്. എനിക്കാ നിമിഷത്തെ അപൂര്‍വ്വമെന്നേ പറയാനാകൂ. ഒരാളുടെ മാനസികാവസ്ഥ മാറി എന്ന് നമ്മള്‍ മനസിലാക്കുന്ന നിമിഷമാണിത്-സിബി പറയുന്നു.
മറ്റൊരു സന്ദര്‍ഭം സദയം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ്. സദയത്തില്‍ കുട്ടികളെ കൊല്ലുന്ന ഒരു രംഗമുണ്ട്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ലാലിനോട് പറഞ്ഞു, ഇതയാള്‍ സ്വബോധത്തോടെ ചെയ്യുന്നതല്ല. അയാളുടെ മനാസികാവസ്ഥ മാറി ഇത്രയേ ഞാന്‍ പറഞ്ഞുള്ളൂ. പിന്നെ ചിത്രീകരണത്തിനായി രാവിലെ എത്തിയപ്പോള്‍ കാണുന്നത് അയാളുടെ കണ്ണിലെ തിളക്കമാണ്. ഗ്ലിസറിനൊന്നും ഇട്ടിട്ടില്ല. യാതൊരു വിധ തയ്യാറെടുപ്പുകളുമില്ല. ശരിയ്ക്കും ഞാന്‍ അത്ഭുതപ്പെട്ടുപോയി സിബി മലയില്‍ പറഞ്ഞു.