നല്ല ദുഖമുണ്ട്, അത് തുറന്നുപറയുന്നതില്‍ വിഷമവുമുണ്ട്! കാര്യം കേട്ട് ലാല്‍ പറഞ്ഞു, ഇമ്മാതിരി മനുഷ്യരും ലോകത്തുണ്ടല്ലോ ദൈവമേ; മോഹന്‍ലാലുമൊത്തുള്ള ആ തമാശയെക്കുറിച്ച് ഇന്നസെന്റ്

innocent-lal.jpg.image.784.410സിനിമയ്ക്കകത്തെന്നപോലെ പുറത്തും ആത്മാര്‍ത്ഥ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് സിനിമാതാരങ്ങളില്‍ പലരും. പരസ്പരമുള്ള പാരവയ്ക്കലുകളും തമാശകളും അവരുടെയിടയിലും ധാരാളമുണ്ട്. അഭിനേതാക്കളുടെയിടയില്‍ നടക്കുന്ന ഇത്തരം തമാശകളെക്കുറിച്ച് ഇടയ്‌ക്കൊക്കെ അവരിലാരെങ്കിലും പറയുമ്പോഴാണ് പ്രേക്ഷകര്‍ അറിയുന്നത്. മോഹന്‍ലാലിനൊപ്പമുള്ള അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും എംപിയുമായ ഇന്നസെന്റ്. ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ …

‘ലാല്‍ എന്നെ എപ്പോള്‍ കണ്ടാലും ഓടിവന്ന് കെട്ടിപ്പിടിക്കും. ചിലപ്പോള്‍ കാലുതൊട്ട് നെറുകയില്‍ വയ്ക്കും. കാര്യം എന്താണെന്ന് ചോദിച്ചാല്‍ അയാള്‍ പറയും. ‘തന്റെ തമാശകളില്‍ നിന്ന് എന്നെ ഒഴിവാക്കിയേക്കണേ’ എന്ന്. കാരണം ഇടയ്ക്ക് പുള്ളിയെക്കുറിച്ചും ഞാന്‍ തമാശക്കഥകള്‍ ഇറക്കുമായിരുന്നു. ഒരിക്കല്‍ പാലക്കാട് ഏതോ ഒരു കോളേജില്‍ ഷൂട്ടിങ് നടക്കുകയാണ്. ലൊക്കേഷനില്‍ ആദ്യമെത്തിയത് ഞാനാണ്. നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. എന്നെ കണ്ടപ്പോള്‍ ഇവര്‍ ഓടിക്കൂടി. ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും തിരക്കു കൂട്ടി. അപ്പോഴായിരുന്നു ലാലിന്റെ വരവ്.

ഉടനെ ഇവരെല്ലാം എന്നെ ഉപേക്ഷിച്ച് അയാളുടെ അടുത്തേയ്ക്ക് പോയി. ഞാന്‍ ഈച്ചയടിച്ച് ഇരിപ്പായി. എന്റെ അവസ്ഥ ആസ്വദിച്ച് അയാള്‍ ചിരിക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ലാല്‍ ചോദിച്ചു, ദുഖിതനാണല്ലേ?. അതേ ഞാന്‍ ദുഖിതനാണെന്ന് പറഞ്ഞു. തമാശ പറഞ്ഞതല്ലേ എന്ന് ലാല്‍ ആശ്വസിപ്പിച്ചു. പക്ഷേ ഞാന്‍ കാര്യമായി പറഞ്ഞു. നല്ല ദുഖമുണ്ട്, അത് തുറന്നു പറയുന്നതില്‍ വിഷമവുമുണ്ട് എന്ന്. ലാല്‍ കാര്യം ചോദിച്ചു. ഞാന്‍ പറഞ്ഞു, കുട്ടികള്‍ നിങ്ങളുടെ ചുറ്റും തിരക്കു കൂട്ടിയത് എന്തിനാണെന്ന് അറിയാമോ? അവര്‍ക്ക് അറിയാം നിങ്ങള്‍ ഉടന്‍ ഫീല്‍ഡ് ഔട്ട് ആകുമെന്നും ഞാന്‍ ഇവിടെത്തന്നെ കാണുമെന്നും. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൈകൂപ്പി കൊണ്ട് പറഞ്ഞു ഈ ജാതി മനുഷ്യരും ഭൂമിയിലുണ്ടല്ലോ ദൈവമേ എന്ന്’. ഇന്നസെന്റ് പറഞ്ഞുനിര്‍ത്തുന്നു.

Related posts