മലയാളത്തിന്റെ സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. സമാനതകളില്ലാത്ത അഭിനേതാവ്. എന്നാല്‍ ലാല്‍ അറിയാതെ പോലും വിവാദങ്ങളിലേക്ക് നിരന്തരം വലിച്ചിഴയ്ക്കപ്പെടുന്ന താരം കൂടിയാണ് അദേഹം. അടുത്തിടെ മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുമെന്നും തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇപ്പോള്‍ എല്ലാത്തിനും മറുപടി നല്കി രംഗത്തെത്തിയിരിക്കുകയാണ് അദേഹം. വനിതാ പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് ലാലിന്റെ തുറന്നുപറച്ചില്‍.
പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാന്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താല്പര്യമില്ലാത്ത കാര്യമാണിത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം.
മലയാള സിനിമയിലെ ചുരുക്കം പേരെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുള്ളൂ. ഒരു കാലത്ത് നസീര്‍ സാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ ഇപ്പോള്‍ ഗണേശും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്ത് സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനു നില്ക്കാനുമെല്ലാം പറഞ്ഞു. പക്ഷേ ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. അദേഹം എന്നെ മോഹന്‍ജി എന്നാണ് വിളിച്ചത്. ഞങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടിരുന്നു. സിനിമയില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷമായെന്ന് പറഞ്ഞപ്പോള്‍ അതു വലിയ അത്ഭുതമായി.
ഒരിക്കല്‍ പോലും രാഷ്ട്രീയം കടന്നു വന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അദേഹം കാര്യങ്ങള്‍ ചോദിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി. രാഷ്ട്രീയത്തെ കുറിച്ച് എനിക്കൊരു അറിവും ഇല്ലാത്തതു കൊണ്ട് അതിനെ കുറിച്ച് പറയാനും ഒന്നുമില്ലായിരുന്നു. ഞാനും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടെ പെരുമാറിയതെന്നും മോഹന്‍ലാല്‍ പറയുന്നു.