ദുബായിയിൽ വച്ച് വീണു പരിക്കേറ്റത് വകവയ്ക്കാതെ ബിഗ് ബ്രദർ എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മോഹൻലാൽ അഭിനയിച്ച് പൂർത്തിയാക്കിയതിനെപ്പറ്റി അടുത്തിടെയാണ് നടൻ അനൂപ് മേനോൻ വെളിപ്പെടുത്തിയത്. വലതു കൈയ്ക്കാണ് മോഹൻലാലിന് പരിക്കേറ്റത്.
ഈ വിവരം മറച്ചുവച്ചാണ് മോഹൻലാൽ ആക്ഷൻരംഗങ്ങളിൽ അഭിനയിച്ചത്. പിന്നീട് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. തന്റെ പരിക്ക് കാരണം ഷൂട്ടിംഗ് മാറ്റി വച്ചാൽ നിർമാതാവിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണ് മോഹൻലാൽ പറഞ്ഞതെന്നും അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഇപ്പോഴിതാ സർജറിക്കുശേഷം പ്ലാസ്റ്റർ പൊതിഞ്ഞ വലതുകൈയുമായി ജിമ്മിൽ പരിശീലിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കാലുകൾക്കുള്ള വ്യായാമങ്ങൾ ചെയ്യുന്ന വീഡിയോ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “നോ ഡേ ഓഫ്’ എന്ന ടാഗോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.