എന്റെയും പ്രിയന്റെയും മനസിലെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മരക്കാരെ പറ്റിയൊരു സിനിമ. പല കാരണങ്ങളാല്‍ ചിത്രം നടക്കാതെ പോയി.
ഒടുവില്‍ സിനിമയെടുക്കാന്‍ തിരുമാനിച്ചപ്പോള്‍ കാലാപാനിയും വാനപ്രസ്ഥവുമെല്ലാം പിറന്ന കാലത്തുനിന്ന് സിനിമ ഒരുപാടു മാറിയെന്നു തിരിച്ചറിഞ്ഞു.
അതിന്റെ ചെലവുകള്‍ ഭീമമായി ഉയർന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ മികച്ച രീതിയില്‍ ചിത്രം എടുക്കുന്നതിനെ ക്കുറിച്ച് ആലോചിച്ചപ്പോള്‍ ബജറ്റിനെ കുറിച്ചുള്ള കണക്കുതന്നെ ഏറെ പ്രതിസന്ധി തീര്‍ത്തു.
ഒടുവില്‍ മുന്നോട്ടും പിന്നോട്ടും പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആന്റണിയോട് കാര്യം പറഞ്ഞു. ഒരുപാടു പ്രയാസപ്പെടുമെങ്കിലും ഒരു സ്വപ്നം സാക്ഷാത്കരിക്കാന്‍ അതൊക്കെ വേണ്ടിവരും എന്നായിരുന്നു ആന്റണി പറഞ്ഞത്.
ഏറെ ഗവേഷണം നടത്തിയാണ് പ്രിയന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നിരവധി വലിയ താരങ്ങള്‍ പ്രതിഫലം പറയാതെ സിനിമയില്‍ അഭിനയിച്ചു.
ഏറെ ദിവസത്തെ ഷൂട്ടിങ്ങ്, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍, എല്ലാം തരണം ചെയ്ത് സിനിമ പൂര്‍ത്തിയായപ്പോഴാണ് കോവിഡ് പ്രതിസന്ധി ഉടലെടുത്തത്.
അതു ഞങ്ങളെ സംബന്ധിച്ച് ഒരു ഷോക്കായിരുന്നു. ലോകം കാണേണ്ട സൃഷ്ടി ഇരട്ടിലായല്ലോയെന്ന ചിന്തയും സാമ്പത്തിക ബാധ്യതയുമാണ് സമ്മര്‍ദം ഉണ്ടാക്കിയത്.
അതൊരു കണക്കിനു നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരുപക്ഷേ സിനിമ റിലീസായി ഒരാഴ്ച പിന്നിട്ട ശേഷമാണ് കോവിഡ് ഭീതിയും ലോക്ക്ഡൗണും വന്നതെങ്കില്‍ ദുരന്തത്തിന് മേലെ മറ്റൊരു ദുരന്തം ആയേനെ. -മോഹന്‍ലാല്‍