കൊച്ചി: സിനിമാസ്വാദകര്‍ക്ക് കാഴ്ച വിരുന്നൊരുക്കി “മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററുകളില്‍ എത്തി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാലും എത്തിയിരുന്നു. കൊച്ചിയിലെ സരിത തീയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാന്‍ എത്തിയത്.
ഒപ്പം ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ഏറെ പ്രത്യേകതയുള്ള സിനിമയായതുകൊണ്ടാണ് ചിത്രം കാണാന്‍ നേരിട്ട് തിയറ്ററിലെത്തിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
സിദ്ദിഖ്, ഉണ്ണി മുകുന്ദന്, ഹണിറോസ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമ കാണാന്‍ സരിത തിയറ്ററില്‍ എത്തി. റിക്കാര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം ഇന്ന് ലോകവ്യാപകമായി റിലീസിനെത്തിയത്.
റിലീസിനു മുമ്പേ 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു.
കേരളത്തിലെ 631 സ്ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനെത്തിയത്.
2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിയറ്ററുകളില്‍ എത്തിയത്. കാത്തിരിപ്പിനൊടുവില്‍ എത്തിയ മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സിനിമാസ്വാദകര്‍.