റിലീസിന് മുമ്പ് ആരാധകര്‍ ഏറെ പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുകയും ചിത്രം റിലീസായി കഴിഞ്ഞ് ഏറെ വിവാദങ്ങളും ചര്‍ച്ചകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുകയും ചെയ്ത ചിത്രമാണ് ഒടിയന്. സംവിധായകന് ശ്രീകുമാര്‍ മേനോന് ആദ്യാവസാനം അവകാശപ്പെട്ടതുപോലുള്ള യാതൊരു മേന്മയും ചിത്രത്തിനുണ്ടായിരുന്നില്ല എന്നതാണ് പ്രധാനമായും ആളുകള്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നം. എന്നാല്‍ മനപൂര്‍വം ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അക്കൂട്ടത്തില്‍ പെട്ടവരാണ് ഇപ്പോള്‍ സിനിമയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നുമാണ് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്.
സിനിമ സംബന്ധിച്ച വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലും ഇടം പിടിച്ചിരുന്നു. സമാനമായ രീതിയില്‍ പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ചിത്രത്തിലെ നായകന് മോഹന്‍ലാലിനോട് ഇത് സംബന്ധിച്ച് അഭിപ്രായം ചോദിച്ച് വിളിച്ച് അവതാരകന് മോഹന്‍ലാല്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. അവതാരകന്റെ ചോദ്യവും മോഹന്‍ലാലിന്റെ മറുപടിയും ഇപ്പോള്‍ ഫാന്‍ പേജുകളിലെല്ലാം ആഘോഷമായിരിക്കുകയാണ്.
ഒടിയന് സിനിമയില്‍ താങ്കള്‍ സംതൃപ്തനാണോ എന്ന ചോദ്യത്തോടെയാണ് അവതാരകന് നികേഷ് തുടങ്ങിയത്. തന്നെ സംബന്ധിച്ചിടത്തോളം ആ ക്യാരക്ടര്‍ മനോഹരമായി ചെയ്തു എന്നാണ് കരുതുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരു നടന്റെ ധര്‍മ്മമാണ് അയാള്‍ക്ക് കിട്ടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കുക എന്നത്. അതിന് ശ്രമിച്ചു, അത് ആരാധകര്‍ക്ക് ഇഷ്ടമായി എന്നു പറഞ്ഞു.
ഒടുവിലായി പടം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയി എന്ന് തോന്നിയില്ല എന്നായി നികേഷ് കുമാര്‍. എന്താ ഇഷ്ട ഇങ്ങനെ ചോദിക്കുന്നത്, നിങ്ങള്‍ ചിത്രം കണ്ടോ എന്നായി മോഹന്‍ലാല്‍. അപ്രതീക്ഷിത ചോദ്യത്തില്‍ പരുങ്ങിയ നികേഷ് ‘കണ്ടു’ എന്ന് ചമ്മലോടെ മറുപടി പറയുകയാണ് ഉണ്ടായത്.
അങ്ങനെ തോന്നിയെങ്കില്‍ ഞാന്‍ അതിന്റെ കൂടി നില്ക്കാം, നന്നായിട്ട് തോന്നിയെങ്കില്‍ അതിന്റെ കൂടെയും എന്ന ഒരു ചിരിയോടെ തന്നെ മോഹന്‍ലാല്‍ പറഞ്ഞു. നികേഷിന്റെ പരുക്കന്‍ ചോദ്യത്തിനുള്ള മറുപടി മോഹന്‍ലാലിന്റെ മാസ് ചിരിയില്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിമര്‍ശകരുടെ വായടപ്പിച്ച് റെക്കോഡ് കളക്ഷനുമായി ചിത്രം മുന്നേറുകയാണെന്നാണ് ആരാധകരുടെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെയും വാദം.