തിരുവനന്തപുരം: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് നടൻ മോഹൻലാൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
നടി ആക്രമിക്കപ്പെട്ട കേസും ദീലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചുവരവും ഉൾപ്പെടെ വിവാദ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഏകപക്ഷീയമായ തീരുമാനങ്ങൾ അമ്മയിൽ ഉണ്ടാകില്ലെന്ന് മോഹൻലാൽ ഉറപ്പുനൽകിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി എ.കെ.ബാലൻ അറിയിച്ചു. അമ്മയിലെ വിവാദങ്ങൾ സംഘടനയുടെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത ദിവസം മോഹൻലാൽ വിദേശത്തേക്കു പോവുകയാണെന്നും തിരിച്ചെത്തിയശേഷം സംഘടനയിൽ ഉടലെടുത്ത പ്രശനങ്ങൾക്കു പരിഹാരത്തിനു ശ്രമിക്കാമെന്ന് അറിയിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.