നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ഏവര്‍ക്കും അറിവുള്ളതാണ്. തന്റെ സഹോദരസ്ഥാനത്ത് ആന്റണിയെ താന്‍ കണ്ടെത്തുകയായിരുന്നു എന്ന് മോഹന്‍ലാല്‍ തന്നെ പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ലാല്‍ സാര്‍ തനിക്ക് ആരാണെന്ന ചോദ്യത്തിന് താന്‍ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ലെന്നും അത് തന്റെ സ്വകാര്യതയാണെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. എപ്പോഴെങ്കിലും താന്‍ ലാല്‍ സാറിനോട് അടുപ്പം കാണിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം തനിച്ചിരിക്കുമ്പോള്‍ മാത്രമാണെന്നും മറ്റ് സൗഹൃദസദസ്സുകളിലൊന്നും താന്‍ ആ സ്വാതന്ത്ര്യം എടുക്കാറില്ലെന്നും ആന്റണി പറയുന്നു. മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍ ഇങ്ങനെ.. ലാല്‍ സാര്‍ എനിക്ക് ആരാണെന്ന് എന്നോട് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്. പക്ഷേ, ഞാന്‍ ഉത്തരം പറഞ്ഞിട്ടില്ല. ഉത്തരം അറിയാഞ്ഞിട്ടല്ല. അതെന്റെ സ്വകാര്യതയാണ്.
എന്റെ മനസ്സിന്റെ ചില്ലുകൂട്ടില്‍ ഞാന്‍ അതിനെ ഒളിപ്പിച്ചുവച്ചിരിക്കുന്നു. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. പക്ഷേ, ലാല്‍ സാര്‍ എനിക്ക് സമ്മാനിച്ചതോ? അത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി ആയിരുന്നു. എപ്പോഴെങ്കിലും ഞാന്‍ ലാല്‍ സാറിനോട് അടുപ്പം കാണിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം തനിച്ചിരിക്കുമ്പോള്‍ മാത്രമാണ്. മറ്റ് സൗഹൃദസദസ്സുകളിലൊന്നും ഞാന്‍ ആ സ്വാതന്ത്ര്യം എടുക്കാറില്ല. അങ്ങനെ എടുക്കേണ്ട ഒരാളുമല്ല. ആ ബോദ്ധ്യം മറ്റാരെക്കാളും എനിക്കുണ്ട്. ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം അറിയാവുന്നതുകൊണ്ടാകാം ഒരിക്കല്‍ എന്റെ ഭാര്യ സ്വകാര്യമായി എന്നോട് ചോദിച്ചു. ‘ലാല്‍ സാറിനോടൊപ്പം ഞാനും ചേട്ടനും ഒരു ബോട്ടില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക. ഒരപകടം സംഭവിച്ചു. ലാല്‍ സാറും ഞാനും വെള്ളത്തിലേയ്ക്ക് വീണു. രക്ഷപ്പെട്ടത് ചേട്ടന്‍ മാത്രമാണ്. ഞങ്ങളിലൊരാളെ ചേട്ടന് രക്ഷിക്കാം. അത് ആരെ ആയിരിക്കും?’ ഞാന്‍ എന്ത് ഉത്തരം പറഞ്ഞാലും അവളെ തൃപ്തിപ്പെടുത്താനാവില്ലെന്നറിയാം. അതുകൊണ്ടാണ് ചോദിച്ചത്.
‘ശാന്തി എന്തിനാണ് ഇത്തരം അനാവശ്യകാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.’ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ലാല്‍ സാറിനെയോ, അതോ ഭാര്യ തന്നെയോ എന്ന് പച്ചയ്ക്ക് ചോദിച്ചിരിക്കുകയാണ് ഒരല്‍പ്പം വളഞ്ഞവഴിയിലൂടെയെങ്കിലും അവള്‍ ചെയ്തത്. അതിന് എനിക്ക് ഉത്തരവും ഉണ്ട്. ഇപ്പോഴും. ഞാനും ലാല്‍സാറും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം കൊണ്ടാവുമല്ലോ അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അവളെ പ്രേരിപ്പിച്ചത്. ആ ചോദ്യത്തിലൂടെ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ച ശരിയും അതാണ്. സമാനമായ ഒരു ചോദ്യം എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത് എപ്പോഴെങ്കിലും ഞാനും ലാല്‍സാറും തമ്മില്‍ വേര്‍പിരിയുമോ എന്നുള്ളതാണ്. അതും അനാവശ്യമാണെന്ന് ഞാന്‍ പറയും. കാരണം ഞങ്ങളുടെ സൗഹൃദാന്തരീക്ഷങ്ങളില്‍ ഒന്നും തന്നെ അത്തരം ഒരു ചോദ്യത്തിന് പ്രസക്തിയില്ല. ഇനി അഥവാ ഉണ്ടായാലും ഒരിക്കലും അത് എന്നില്‍ നിന്നാവില്ല എന്ന കാര്യം മാത്രം എനിക്കുറപ്പിച്ചു പറയാനാവും. ഇനിയത് ലാല്‍ സാറിന്റെ ഭാഗത്തുനിന്നാണെങ്കില്‍പ്പോലും എനിക്ക് വേറൊന്നും ചെയ്യാനില്ല. ഞാന്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റിത്തന്നെ കാണും.