ഗുരുവായൂർ: ദർശനത്തിനെത്തിയ ജനപ്രിയ നടൻ പത്മഭൂഷണ്‍ മോഹൻലാലിന്റെ വാഹനം വടക്കേനട ഗേറ്റിലൂടെ കയറ്റി വിട്ടതുമായി ഉണ്ടായ വിവാദം പുതിയ തലത്തിലേക്ക്.
വാഹനം കയറ്റി വിട്ടതിന്റെ പേരിൽ മൂന്നുജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയ അഡ്മിനിസ്ട്രേറ്ററുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് അഞ്ച് ഭരണസമിതി അംഗങ്ങൾ ദേവസ്വം കമ്മീഷണർക്കു നൽകിയ പരാതിയിൽ പറയുന്നു.
ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, കെ. അജിത്ത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, എ.വി. പ്രശാന്ത് എന്നിവരാണ് ദേവസ്വം കമ്മീഷണർക്കു പരാതി നൽകിയിട്ടുള്ളത്.
ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കുന്ന ഭരണ സമിതി യോഗങ്ങളിൽ ഇനി മുതൽ അഞ്ച് അംഗങ്ങളും പങ്കെടുക്കില്ലെന്നു തീരുമാനിച്ചതായും പരാതിയിലുണ്ട്.
ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെങ്കിൽ ദേവസ്വം നിയമമനുസരിച്ച് ഭരണസമിതിയുടെ തീരുമാനം വേണം.
കമ്മിറ്റി തീരുമാനമില്ലാതെ അഡ്മിനിസ്ട്രേറ്റർ വ്യക്തിപരമായി എടുത്ത തീരുമാനം പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയിട്ടുള്ളതാണ്.
അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുള്ള ധിക്കാരപരമായ നടപടിയാണിത്. മൂന്ന് ഭരണസമിതി അംഗങ്ങളുടെ അനുമതിയോടെയാന്ന് ലാലിന്റെ വാഹനം കടത്തിവിട്ടത്.
രാജ്യം പത്മഭൂഷണ്‍ നൽകി ആദരിച്ച ജനപ്രിയ നടനെ ആരാധകരായ ജനക്കൂട്ടത്തിൽനിന്നു സംരക്ഷിക്കേണ്ടത് ദേവസ്വത്തിന്റെ കടമയാണ്.
ഈ വഴിയിലൂടെ ദർശനത്തിനെത്തുന്ന ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ, തന്ത്രിമഠം, അഡ്മിനിസ്ട്രേറ്ററുടെ വസതി എന്നിവിടങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നതും പതിവാണ്.
അഡ്മിനിസ്ട്രേറ്ററുടെ പല നടപടികളും ഇതിന് മുൻപും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ളതായും ഉചിതമായ നടപടി ദേവസ്വം കമ്മീഷണറുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്.