മമ്മൂട്ടി സ്റ്റൈലൈസ്ഡും മോഹൻലാൽ വളരെ സ്വാഭാവികമായി പ്രതികരിക്കുന്നയാളുമാണെന്ന് സംവിധായകൻ സിബി മലയിൽ. മാത്രമല്ല മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരിക്കലും താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മലയാളത്തിലെ താരരാജാക്കന്മാരെക്കുറിച്ച് സിബി മലയിൽ വാചാലനായത്.
ഇരുവരും മികച്ചവരാണ് അല്ലെങ്കിൽ നാൽപതോളം വർഷം ഈ മേഖലയിൽ അവർക്കെങ്ങനെ നിൽക്കാൻ കഴിയും. ഈ രംഗത്ത് പിടിച്ചു നിന്നത് അവരുടെ സിദ്ധി കൊണ്ട് തന്നെയാണ്. രണ്ട് പേരും രണ്ട് സ്റ്റൈൽ ആക്ടിംഗിന്റെ ആൾക്കാരാണ്. മമ്മൂട്ടി കുറച്ച് കൂടെ സ്റ്റൈലൈസ്ഡാണ്.
ലാൽ വളരെ സ്വഭാവികമായി പ്രതികരിക്കുന്നയാളും . കിരീടം, ദശരഥം എന്നിവയൊക്കെ ചെയ്യുന്പോൾ ലാലിന് 29 വയസാണ്. ഇപ്പോഴുള്ള ഏതൊരു ആർട്ടിസ്റ്റാണ് ആ പ്രായത്തിൽ അത്രയും പവർഫുള്ളായിട്ടുള്ള കഥാപാത്രം ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ളവർ ആരും കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ ചെയ്തിട്ടില്ല സിബി മലയിൽ പറയുന്നു.
മലയാള സിനിമയിലെ മറ്റുള്ള നടന്മാരിൽ നിന്ന് ഒരു ചുവട് മുന്നിലായി താൻ എന്നും കാണുന്നത് ഫഹദ് ഫാസിലിനെയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഒൗട്ട് സ്റ്റാൻഡിംഗ് എന്ന് പറയാവുന്നത് ഫഹദിനെയാണ്. കിട്ടിയ കഥാപാത്രങ്ങളെല്ലാം മനോഹരമായി ചെയ്തു.
നല്ല കഴിവുള്ള നടനാണ്. ആദ്യം വന്ന ഫഹദിനെയല്ല രണ്ടാമത് കണ്ടത്. രണ്ടാം വരവിൽ അയാൾ നമ്മളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു. ഏത് കഥാപാത്രവും ചെയ്യാൻ പ്രാപ്തനെന്നുള്ള നിലയിൽ നമുക്ക് നോക്കിയിരിക്കാവുന്ന ആക്ടറാണ്. ബാക്കിയെല്ലാവരും നിൽക്കുന്നതിന്റെ ഒരു ചുവട് മുന്നിലായാണ് ഞാൻ ഫഹദിനെ കാണുന്നത്. സിബി മലയിൽ പറഞ്ഞു.