കൊച്ചി : നടൻ മോഹൻലാൽ അനധികൃതമായി കൈവശം വച്ചിരുന്ന ആനക്കൊന്പുകൾക്ക് കൈവശാവകാശം അനുവദിച്ചതിനെതിരേ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് നൽകിയ ഹർജി ഹൈക്കോടതി ജൂലൈ 11 ലേക്ക് മാറ്റി.
കേസിൽ ഹാജരാകേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ സികു ചാറ്റർജിയുടെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നു മോഹൻലാലിനുവേണ്ടി ഹാജരായ അഭിഭാഷക രഷ്മി ഗൊഗോയി ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണു ഹൈക്കോടതി കേസ് മാറ്റിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ മകളാണ് രഷ്മി.
2012 ൽ മോഹൻലാലിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നാല് ആനക്കൊന്പുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് കേസെടുക്കുകയുണ്ടായി. എന്നാൽ കേസിൽ അന്വേഷണം കാര്യക്ഷമമായി നടത്താതെ വനം വകുപ്പ് 2016 ൽ ആനക്കൊന്പുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അദ്ദേഹത്തിനു നൽകിയെന്നു ഹർജിയിൽ പറയുന്നു.