മീടു പോലുള്ള മൂവ്‌മെന്റിനെ ഫാഷനായി കാണുന്നവരെ അത്ഭുതമായാണ് തോന്നുന്നത്! ഈ കാഴ്ചപ്പാട് പുരുഷാധിപത്യ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്; മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി പത്മപ്രിയയും

സിനിമാരംഗത്തു നിന്ന് മീടു വെളിപ്പെടുത്തലുമായി രംഗത്തെത്തുന്ന പലര്‍ക്കും അതൊരു ഫാഷനാണെന്നും മലയാള സിനിമാലോകത്ത് മീടുവിന്റെ ആവശ്യമില്ലെന്നുമുള്ള മോഹന്‍ലാലിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ചൊവ്വയില്‍ നിന്നെത്തിയവരോട് ഇതൊക്കെ എങ്ങനെ പറഞ്ഞ് മനസിലാക്കാനാണെന്ന് നടി രേവതി അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ മറുപടിയും നല്‍കിയിരുന്നു.

ഇപ്പോഴിതാ മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി പത്മപ്രിയയും രംഗത്തെത്തിയിരിക്കുന്നു. മോഹന്‍ലാലിന് ഈ വിഷയത്തിലുള്ള കാഴ്ചപ്പാടും അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷയും പുരുഷാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പത്മപ്രിയ പറയുന്നു.

സ്ത്രീകള്‍ മറ്റു ചിലരുടെ മനോഭാവത്തിനും കാഴ്ചപ്പാടുകള്‍ക്കും കീഴില്‍ എന്നും നിലകൊള്ളണമെന്നുമുള്ള നിലപാടാണിത്. മീടൂവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളും ടൈം ലൈന്‍ സംബന്ധിച്ച പ്രശ്നങ്ങളും എനിക്കുമറിയാം. എന്നാല്‍ അത്തരമൊരു മൂവ്മെന്റിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, അതിനെ നിരാകരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ എനിക്ക് അത്ഭുതമാണ്. കാരണം സ്വാതന്ത്ര്യത്തെ കുറിച്ചും അവകാശങ്ങളെക്കുറിച്ചും ശബ്ദമുയര്‍ത്തുന്നവരാണിവര്‍. പത്മപ്രിയ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മീ ടൂവിനെ ഒരു മൂവ്മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങിനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.

Related posts